അരിക്കുളം പഞ്ചായത്ത് ഇടതുപക്ഷം നിലനിര്‍ത്തും; യു ഡി എഫിന് മൂന്ന് സീറ്റ് വരെ ലഭിച്ചേക്കും


അരിക്കുളം: എല്‍ ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് അരിക്കുളം പഞ്ചായത്ത്. ആകെയുള്ള 13 വാര്‍ഡുകളില്‍ നിലവില്‍ 11 ഇടത്ത് എല്‍ ഡി എഫും രണ്ടിടത്ത് യു ഡി എഫുമാണ്. ശക്തമായ ഇടത് കോട്ടയായതിനാല്‍ ഇത്തവണയും എല്‍ ഡി എഫ് വിജയിക്കുമെന്നാണ് നേരത്തേ മുതലുള്ള വിലയിരുത്തല്‍. ഇത് ശരി വെക്കുന്നതാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍.

ഇടതുമുന്നണി തന്നെ അരിക്കുളം പഞ്ചായത്ത് ഭരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിറ്റിങ് സീറ്റുകളില്‍ പത്തെണ്ണത്തില്‍ എല്‍ ഡി എഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ ഡി എഫ് സിറ്റിങ് സീറ്റായ ആറാം വാര്‍ഡില്‍ ജമാ അത്തെ ഇസ്‌ലാമിക്ക് സ്വാധീനമുണ്ട്. ഇത്തവണ ജമാ അത്തെ ഇസ്‌ലാമി യു ഡി എഫിനൊപ്പമായതിനാല്‍ ആറാം വാര്‍ഡില്‍ ശക്തമായ മത്സരമാണ് നടന്നത്. ഇവിടെ ഫലം പ്രവചനാതീതമാണ്.

യു ഡി എഫിന്റെ സിറ്റിങ് വാര്‍ഡുകളായ എട്ടിലും ഒമ്പതിലും എല്‍ ഡി എഫ് ഇത്തവണ ശക്തമായ പോരാട്ടമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇതില്‍ എട്ടാം വാര്‍ഡില്‍ ഫോട്ടോ ഫിനിഷിനാണ് സാധ്യത. അതേസമയം ഒമ്പതാം വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

അരിക്കുളത്ത് 10 മുതല്‍ 12 വരെ സീറ്റുകള്‍ നേടി എല്‍ ഡി എഫ് വിജയം ആവര്‍ത്തിക്കുമെന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. യുഡിഎഫിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെയാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം അരിക്കുളത്ത് ബിജെപിയുടെയോ മറ്റുള്ളവരുടെയോ മുന്നേറ്റം ഉണ്ടാകില്ലെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

കാരയാട്, കുരുടിമുക്ക്, ഏക്കാട്ടൂര്, തറമ്മല്‍, കാളിയത്ത് മുക്ക്, മാവട്ട്, പഞ്ചായത്ത് മുക്ക് എന്നിവിടങ്ങളാണ് അരിക്കുളത്തെ എല്‍ ഡി എഫിന്റെ പ്രധാന ശക്തികേന്ദ്രങ്ങള്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക