ആനപ്പാറയിൽ ബാലാവകാശ കമ്മീഷനെത്തി


കീഴരിയൂർ: നടുവത്തൂർ ആനപ്പാറ കരിങ്കൽ ക്വാറിക്ക് സമീപമുള്ള അങ്കനവാടി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി.മനോജ് സന്ദർശിച്ചു. ക്വാറിയിൽ തുടർച്ചയായുണ്ടായ സ്ഫോടനങ്ങളിൽ അങ്കനവാടിക്ക് കേടുപാടു സംഭവിച്ചിരുന്നു.

ആനപ്പാറ ക്വാറിയുടെ നൂറ് മീറ്ററിനുള്ളിൽ പ്രവത്തിക്കുന്നതാണ് ഈ അങ്കനവാടി. തങ്ങൾക്ക് പുറത്തിറങ്ങാനോ, കളിക്കാനോ, ഉച്ച സമയങ്ങളിൽ ഉറങ്ങാനോ കഴിയാറില്ലെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികളെ അങ്കനവാടിയിലേക്ക് അയക്കുന്നത് ആശങ്കയോടെയാണെന്ന് രക്ഷിതാക്കളും പറയുന്നു. കുട്ടികളുടെയും, രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരം കാണുമെന്ന് കമ്മീഷൻ ചെയർമാൻ മനോജ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ആനപ്പാറ ക്വാറിയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ പ്രദേശത്തെ ആറോളം വീടുകളിലേക്ക് പാറചീളുകൾ തെറിച്ചു വീണിരുന്നു. തുടർച്ചയായ സ്ഫോടനങ്ങളിൽ വീടുകൾക്ക് കുലുക്കം അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് മനുഷ്യവാസം അസാധ്യമാക്കുന്ന ക്വാറി നടത്തിപ്പിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സമരത്തിലാണ്.