ഉത്സവങ്ങൾക്ക് കൊടിയേറുന്നു, തിറ കെട്ടിയാടിത്തുടങ്ങി; കൊയിലാണ്ടിയിൽ ഉത്സവപ്പറമ്പുകൾക്ക് ജീവൻവെയ്ക്കുക്കുന്നു


സ്വന്തം ലേഖകൻ

കൊയിലാണ്ടി: കോവിഡ് കവർന്നെടുത്ത നമ്മുടെ ഒരു ഉത്സവകാലത്തിന് ശേഷം വീണ്ടും ഉത്സവങ്ങൾക്ക് കൊടിയേറിയിരിക്കുകയാണ്. തിറയും വെടിക്കെട്ടുകളും ഇളനീർക്കുലവരവും താലപ്പൊലിയും തായമ്പകയും എല്ലാം നിറഞ്ഞ ഉത്സവകാലം വീണ്ടും എത്തുന്നു. എന്നാൽ ഇത്തവണയും കോവിഡ് നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങളോട് അനുബന്ധിച്ച എല്ലാ ചടങ്ങുകളും നേരത്തേ നടത്തിയത് പോലെ ഇത്തവണയും ഉണ്ടാകില്ല. അധികം ആൾക്കൂട്ടമില്ലാതെ ചടങ്ങുകൾ നടത്താനാണ് കൊയിലാണ്ടിയിലെ മിക്ക ക്ഷേത്ര കമ്മറ്റികളും തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചേമഞ്ചേരി അരിക്കിലാടത്തു ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം നടന്നു. അരിക്കുളത്തെ വാരര് കണ്ടി ക്ഷേത്രത്തിലും ഉത്സവം നടത്തി. വിയ്യൂരും, പയ്യോളിയിലെ വിവിധ ക്ഷേത്രങ്ങളിലും ഉത്സവത്തിന് കൊടിയേറി. അരിക്കിലാടത്തു ക്ഷേത്രത്തിൽ തീ കുട്ടിച്ചാത്തൻ തെയ്യം ഉണ്ടായിരുന്നു. തെയ്യം കലാകാരൻ മുരളീധരൻ ചേമഞ്ചേരിയാണ് കെട്ടിയാടിയത്. പ്രദേശവാസികളായ നിരവധി പേർ തെയ്യം കാണാനെത്തി.

ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തുന്ന ആയിരക്കണക്കിന് കലാകാരൻമാരും കച്ചവടക്കാരുമുണ്ട് കൊയിലാണ്ടിയിൽ. കഴിഞ്ഞ ഒരു വർഷം ഇവർക്കെല്ലാം വറുതിയുടെ കാലമായിരുന്നു ക്ഷേത്രോത്സവങ്ങളിലെ ആഘോഷവും ചടങ്ങുകളും പതിയെ മടങ്ങിയെത്തുമ്പോൾ ഇവരും പ്രതീക്ഷയിലാണ്.