ഉളളൂര്‍ക്കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു; നിര്‍മ്മാണത്തിനായി ടെന്‍ഡര്‍ ചെയ്തു


കൊയിലാണ്ടി: ഉളളൂര്‍ക്കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു. ഇതിനായി നിര്‍മ്മാണ – പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നതില്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് പാലം പണി യാഥാര്‍ത്ഥ്യമാകുന്നത്. ജനുവരി 18 ടെന്‍ഡര്‍ തുറന്ന് കരാറുകാരെ നിശ്ചയിക്കും. എന്നാല്‍ സാങ്കേതിക നടപടികളും സ്ഥലമേറ്റെടുപ്പും കാരണം പാലത്തിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടിരുന്നു. സ്ഥലം നല്‍കുന്നതിനായി 30 സ്ഥലഉടമകളാണ് ഇപ്പോള്‍ മുന്നോട്ടുവന്നിട്ടുളളത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള നടപടികളും നടക്കുന്നുണ്ട്.

കൊയിലാണ്ടി – ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെയും ഉളളിയേരി- ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്നതാണ് ഉളളൂര്‍ക്കടവ് പാലം. തുടക്കത്തില്‍ പാലനിര്‍മ്മാണത്തിനായി 8.50 കോടി വകയിരുത്തിയെങ്കിലും കാലതാമസം നേരിട്ടതോടെ എസ്റ്റിമേറ്റും പുതുക്കേണ്ടി വന്നു. 2020 ജൂണില്‍ 16.25 കോടി രൂപയാണ് പാലത്തിനു വേണ്ടി ധനവകുപ്പ് അംഗീകരിച്ചത്. ആകെ 9 സ്പാനുകളിലായി രൂപകല്‍പന ചെയ്ത പാലത്തിന് ഇരുവശത്തും നടപ്പാതയുള്‍പ്പടെ 12 മീറ്റര്‍ വീതിയും 250 മീറ്റര്‍ നീളവുമുണ്ടാകും.

പാലം പൂര്‍ത്തിയാകുന്നതോടെ അത്തോളി, ഉളളിയേരി ഭാഗത്തെ ജനങ്ങള്‍ക്ക് സിവില്‍, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്തി ചേരാനാകും. കൂടാതെ കൊയിലാണ്ടിയിലുളളവര്‍ക്ക് മലബാര്‍ മെഡിക്കല്‍ കോളേജിലേക്കും എത്താനാകും. നിര്‍മ്മാണം ആരംഭിച്ച് 16 മാസത്തിനുളളില്‍ പണിപൂര്‍ത്തീകരിക്കാനാകുമെന്ന് കെ. ദാസന്‍ എം.എല്‍. അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക