എല്ലാവർക്കും വീട്, വെള്ളം, ആരോഗ്യം; കൊയിലാണ്ടിയെ ഉയരങ്ങളിലെത്തിക്കുമെന്ന് സുധ കെ.പി


കൊയിലാണ്ടി: അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നൽകുമെന്ന് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി പറഞ്ഞു. ഭവന രഹിതരായ മുഴുവൻ പേർക്കും ഭവനവും, എല്ലാവർക്കും കുടിവെള്ളവും, ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തും.

പൂർത്തീകരണ ഘട്ടത്തിലെത്തിയ 1500 വീടുകൾക്ക് പുറമെ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികൾ പ്രകാരം അർഹതപ്പെട്ട മുഴുവനാളുകൾക്കും വീട് നൽകും. തീരദേശത്തും നഗത്തിലും കുടിവെള്ളമെത്തിക്കാൻ കിഫ്ബി സഹായത്തോടെ ആരംഭിച്ച പദ്ധതി പൂർത്തീകരിക്കും. താലുക്ക് ആശുപത്രി ജില്ല നിലവാരത്തിലുള്ള ആശുപത്രിയാക്കി ഉയർത്തും. ആറു മാസത്തിനകം പ്രസവ രക്ഷാകേന്ദ്രം പൂർത്തീകരിച്ച് മാതൃ ശിശു സംരക്ഷണ കേന്ദ്രം ഒരുക്കും. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്തും. താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കും. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും.

നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. ഇടറോഡുകൾ നവീകരിക്കുകയും സമാന്തര റോഡുകളുടെ സാധ്യത പരിശോധിച്ച് വീതി കൂട്ടുകയും ചെയ്യും. നഗരത്തിൽ പാർക്കിംഗ് പ്ലാസ സ്ഥാപിക്കും. നഗരം സൗന്ദര്യവൽക്കരിക്കാനും വൃത്തിയുള്ളതാക്കാനും പദ്ധതികൾ ആവിഷ്കരിക്കും.

വിശപ്പുര രഹിത നഗരമാക്കി കൊയിലാണ്ടിയെ മാറ്റും. ഭക്ഷണമുൾപ്പടെ നൽകി പകൽ വീടുകൾ സജീവമാക്കും. മുഴുവൻ വാർഡിലും ദുരന്തനിവാരണ സേനയെ ഒരുക്കും. അടിയന്തിര ദുരിതാശ്വാസത്തിനായി ചെയർപേഴ്സന്റെ ദുരിതാശ്വാസ നിധി ഒരുക്കും.

മുഴുവൻ സ്കൂളുകളെയും മികവിന്റ കേന്ദ്രങ്ങൾ ആക്കും. അങ്കനവാടികൾക്ക് ഹൈടെക് സംവിധാനങ്ങളൊരുക്കും. വിദ്യാലയങ്ങളിൽ പഠന ബോധന നിലവാരം ഉയർത്താൻ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കും. നെല്ലുൽപ്പാദന വർധനയ്ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കും.

മാലിന്യ സംസ്കരണ രംഗത്ത് ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതി തുടരും. പുതുതായി ശാസ്ത്രീയ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുകയും അതിനായി ഹരിത കർമ്മ സേനയുടെ സേവനം വിപുലപ്പെടുത്തുകയും ചെയ്യും. സമ്പൂർണ്ണ മാലിന്യ മുക്ത ഹരിത നഗരമായി കൊയിലാണ്ടിയെ മാറ്റുന്നതിന് പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ചെയർപേഴ്സൺ സുധ.കെ.പി പറഞ്ഞു.