കക്കയത്തേക്ക് ഇനി സുഖയാത്ര


ബാലുശ്ശേരി: പ്രധാന ടൂറിസ്റ്റ് കേന്ദ്രവും, മലബാറിലെ പ്രധാന ജലവൈദ്യുതി ഉൽപാദന കേന്ദ്രമായ കക്കയം ഡാം സൈറ്റിലേക്ക് പോവുന്ന എകരൂൽ കക്കയം ഡാം സൈറ്റ് റോഡിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു.

രണ്ടു തവണയായുണ്ടായ പ്രളയ മഴയിലുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന്​ ഡാം സൈറ്റ് റോഡ് പാടെ തകർന്ന നിലയിലാണ്. താൽക്കാലിക സംവിധാനമൊരുക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ച് നിലനിർത്തിവരുന്നത്.

കക്കയം ഡാം സെറ്റ് കേന്ദ്രീകരിച്ച് ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടുയാത്രയും നടപ്പാക്കിയതോടെ ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇവിടത്തെ ഉരക്കുഴി വെള്ളച്ചാട്ടവും സന്ദർശകരെ ഏറെ ആകർഷിക്കുന്ന സ്​ഥലമാണ്.

കക്കയം ഡാം സൈറ്റ്, പവ്വർ ഹൗസ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് പോകുന്നവരുടെ നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന റോഡാണ് ഇത്. യാത്രാ സൗകര്യം സുഖമമാകുന്നതോടെ വിനോദസഞ്ചാര മേഖലയിൽ വലിയ വികസന സാധ്യതകളാണ് തുറന്നിടുന്നത്.

പടിക്കൽ വയൽ മുതൽ 28 ആം മൈൽ വരെ ഏഴ് കിലോമീറ്റർ ഹിൽ ഹൈവേ യുടെ ഭാഗമായ റോഡ് പ്രവൃത്തി ആരംഭിക്കുന്നതി‍ൻെറ ഭാഗമായി നവീകരിക്കും. ഹിൽ ഹൈവേയുടെ പ്രവൃത്തി ഇപ്പോൾ ടെൻഡർ നടപടിയിലാണ്. 28 ആം മൈൽ മുതൽ കക്കയം ടൗൺ വരെ റീടാറിങ് പ്രവൃത്തി ചെയ്യുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.

കൂടാതെ ഡാം സൈറ്റ് വരെ ആധുനിക രീതിയിൽ നവീകരിക്കുന്നതിനായി റീ ബിൽഡ് കേരളയിലും നബാഡ് മുഖേനയും ഫണ്ട് ലഭിക്കുന്നതിനുള്ള ഫയൽ ഇപ്പോൾ സർക്കാറി‍ൻെറ പരിഗണനയിലാണെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ അറിയിച്ചു.