കടയില്‍ പോയി വരാന്‍ വൈകി; ഒമ്പത് വയസ്സുകാരന്റെ കാല്‍പ്പാദം പൊള്ളിച്ചു


കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് തൈക്കൂടത്ത് ഒമ്പതു വയസുകാരനെ ചട്ടുകവും തേപ്പ്‌പെട്ടിയും ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ അങ്കമാലി സ്വദേശിയായ പ്രിന്‍സ് എന്നയാളെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ രണ്ട് കാല്‍പ്പാദങ്ങളിലും ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കി വയ്ക്കുകയുമാണുണ്ടായത്. കുട്ടി കരഞ്ഞതോടെ ഇയാള്‍ കുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും ചുമരില്‍ ചേര്‍ത്ത് കഴുത്തിന് പിടിച്ച് ഉയര്‍ത്തുകയും ചെയ്തു. കുട്ടിയുടെ അമ്മ ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.

ഒരു വര്‍ഷത്തോളമായി കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്നു എന്നാണ് കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ ക്രൂരത വീട്ടുകാര്‍ മറച്ചുവെച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കുഞ്ഞിന്റെ പിതാവ് കഴിഞ്ഞ ഒരു വര്‍ഷമായി തളര്‍വാതം വന്ന് കിടപ്പിലാണ്.
കുട്ടിയുടെ സഹോദരി ഭര്‍ത്താവെന്നവകാശപ്പെടുന്ന ആളാണ് പ്രിന്‍സ്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അയല്‍വാസിയായ സ്ത്രി കുട്ടിയ്ക്ക് നേരിട്ട ദുരനുഭവത്തിന്റെ ചിത്രമെടുക്കുകയും നാട്ടിലെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ നാട്ടുകാരാണ് ഈ വിഷയം പോലീസിനെ അറിയിക്കുന്നത്.