കഴുത്തിനേറ്റ വെട്ടുമായി അയല്‍വീട്ടിലേക്ക് ഓടിക്കയറി; എറണാകുളത്ത്‌ മകന്റെ ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി


കൊച്ചി: പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റിയന്‍(67) ആണ് മരുമകളെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ വച്ചാണ് സെബാസ്റ്റിയന്‍ മരുമകളുടെ കഴുത്തറുത്തത്. കഴുത്തിന് വെട്ടേറ്റ ഷാനു നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടി. വീട്ടിലെത്തിയതും യുവതി രക്തം വാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഷാനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊലപാതകം നടക്കുന്ന സമയത്ത് ഷാനുവിന്റെ ഭര്‍ത്താവ് ഷിനോജ് വീട്ടിലുണ്ടായിരുന്നില്ല. വിവമരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് അടച്ചിട്ട വാതില്‍ ചവിട്ടിത്തുറന്നാണ് വീടിനുള്ളിലേക്ക് കടന്നത്. അപ്പോഴാണ് സെബാസ്റ്റിയനെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

ഇരുവരുടെയും മൃതദേഹം പറവൂരിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.