കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍


കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 23ന് കണ്ണൂര്‍ സ്വദേശി ഷഹാനയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

യുവതിയുടെ മരണത്തില്‍ റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉടമകളെ പ്രതികളാക്കി പോലീസ് കേസെടുത്തത്. ഇന്ന് റിസോര്‍ട്ട് ഉടമകള്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്.

അതേസമയം കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. അതിനാല്‍തന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയയ്ക്കുമെന്നാണ് പെലീസ് അറിയിക്കുന്നത്.

അനുമതി ഇല്ലാതെ ടെന്റുകളില്‍ വിനോദസഞ്ചാരികളെ പാര്‍പ്പിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക