കാത്തിരുന്നാൽ തെളിയാത്ത പുഴയുണ്ടോ ?


ഡോ. സുധീഷ് ടി

ഒരു മൂന്ന് മാസം മുൻപാണെന്ന് തോന്നുന്നു ഒരു ഭാര്യയും ഭർത്താവും എന്നെ കാണാൻ വന്നു .
നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒറ്റനോട്ടത്തിൽ തന്നെ വിദ്യാസമ്പന്നരാണെന്ന് തോന്നുന്ന രണ്ടു പേർ .

രണ്ടു പേരും ഒന്ന് ചിരിച്ചുന്ന് വരുത്തി , ഭർത്താവ് നേരെ കാര്യത്തിലേക്ക് കടന്നു
” പ്രശ്നം എൻ്റെയാണോ അതോ ഇദ്ദേഹത്തിൻ്റെയാണോ എന്നറിയില്ല സാറേ, എന്തെന്നില്ലാത്ത ദേഷ്യമാണ് , ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് പൊട്ടിത്തെറിയാണ് , ദേഷ്യം വന്നാൽ ഒരു മൂലക്ക് പോയിരിക്കും , ഉറക്കവുമില്ല , എന്താ ഉറങ്ങാത്തത് എന്ന് ചോദിച്ചാ തീർന്നു പിന്നെ അതിൻ്റെ പേരിലായി അടുത്ത പ്രശ്നം മടുത്തു .”

മടുത്തിട്ടൊന്നുമില്ലെന്നും ഹൃദയത്തിൻ്റെ അഗാധതയിൽ നിന്നും വരുന്ന പ്രണയം നിങ്ങളുടെ ഓരോ അണുവിലും ഇപ്പോഴുമുണ്ടെന്നും വിളിച്ച് പറയാൻ തോന്നി എനിക്ക്

ഞാൻ മെല്ലെ ഒന്ന് ചിരിച്ചു

കഥാനായികയെ നോക്കിയപ്പോകക്ഷി താഴോട്ട് നോക്കി ഇരിപ്പാണ് AC യിലും വിയർക്കുന്നുണ്ട് ഒരു കൈ കൊണ്ട് സാരിത്തലപ്പ് തെരുപ്പിപ്പിടിച്ചു കൊണ്ടിരിക്കുന്നു .

ഇനി നിങ്ങൾക്കെന്താ പറയാനുള്ളത് ?

എൻ്റെ ചോദ്യം അവരെ പെട്ടന്ന് ഏതോ ലോകത്ത് നിന്ന് തിരികെയെത്തിച്ചു.

” എനിക്കറിയില്ല സാറേ ഇപ്പോൾ എല്ലാത്തിനും കുറ്റമാണ് ഞാൻ ഒന്നുറക്കെ സംസാരിച്ചാൽ അപ്പോൾ ചോദിക്കും എന്താ പ്രശ്നം ന്ന് ഒന്നുല്യാ ന്ന് പറഞ്ഞാലും സമ്മതിക്കുല , ഉറങ്ങിയോ ഉറങ്ങിയോന്ന് ചോദിച്ചോണ്ടിരുന്നാ ആർക്കേലും ഉറങ്ങാൻ പറ്റുമോ ?”

ഭാര്യയുടെ പ്രശ്നം സ്വന്തം പ്രശ്നമാണോ എന്ന് സംശയിക്കുന്ന , അവളുടെ ദേഷ്യത്തിൻ്റെ കാരണം ചികയുന്ന, അവളുടെ ഉറക്കമില്ലായ്മ ഉറക്കം നഷ്ടപ്പെടുത്തുന്ന ഭാര്യയെ ” ഇദ്ദേഹം ” എന്നഭിസംബോധന ചെയ്യുന്ന , ഭാര്യയെ നോക്കുന്ന ഓരോ നോട്ടത്തിലും സ്നേഹത്തിൻ്റെ പുത്തിരി കത്തുന്ന കണ്ണുകളുള്ള ഒരാൾ .

പ്രണയത്തിൻ്റെ സുഗന്ധം

പരിശോധന പൂർത്തിയാക്കി ഒരു ടെസ്റ്റ് ന് എഴുതി കൊടുത്ത് പറഞ്ഞു അവൾ ഒന്ന് പുറത്തിരിക്കട്ടെ ഒരു കാര്യം ചോദിക്കാനുണ്ട്. അവൾ പുറത്തേക്ക് കടന്നപ്പോൾ അയാളുടെ മുഖത്ത് ആകെ ഒരു ഉത്കണ്ഠ.

” പേടിക്കണ്ട പ്രശ്നമൊന്നുമില്ല തൈറോയ്ഡ് ഒന്നു ടെസ്റ് ചെയ്യാൻ എഴുതിയിട്ടുണ്ട്
നിങ്ങൾ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മനസിലായി പക്ഷെ സുഹൃത്തേ ഒന്ന് കാത്തു നിന്നാൽ ഏത് കലങ്ങിയ വെള്ളവും തെളിയും അവർക്ക് അവരുടേതായ സ്പേസ് നൽകൂ മനസ് കലങ്ങിയാൽ തെളിയാൻ വേണ്ടത് സമയമാണ് ”

അയാൾ പുറത്തേക്ക് നടന്നു .

രണ്ട് മാസം കഴിഞ്ഞു. ഇന്നലെയാണ് ലോക് ഡൗൺ കാരണം അവർ റിസൾട്ട്മായി വന്നത്. പ്രകടമായ മാറ്റം രണ്ട് പേരിലുമുണ്ടായിരുന്നു.

കയറി വന്നയുടൻ അയാൾ പറഞ്ഞു,

“ഞാൻ കാത്തിരുന്നപ്പോൾ പുഴതെളിഞ്ഞു സാർ, എന്നാലും റിസൾട്ട് ഒന്ന് കാണിച്ചേക്കാം എന്ന് വെച്ചു ”

തുറന്ന് നോക്കി പ്രതീക്ഷിച്ചപോലെ തന്നെ ഹൈപർതൈറോയ്ഡിസം .

മരുന്ന് വേണം. പക്ഷെ, അതിന് മുൻപേ പുഴ തെളിഞ്ഞല്ലോ.

സ്നേഹത്തോടെ കാത്തിരുന്നാൽ തെളിയാത്ത പുഴയുണ്ടോ ?