കാപ്പാട് കടലില്‍ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


പൂക്കാട്: കാപ്പാട് കടലില്‍ കടുക്ക പറിക്കാനിറങ്ങിയ 29 വയസ്സുകാരന്‍ മുങ്ങി മരിച്ചു. നടുവണ്ണൂര്‍ സ്വദേശി തച്ചറുകണ്ടി ഹാരിസ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. തുവ്വപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ഹാരിസ് കടുക്ക പറിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ തിരയില്‍പ്പെടുകയായിരുന്നു.

സംഭവം അറിഞ്ഞ് ഉടന്‍ ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ ഇറങ്ങി തിരച്ചില്‍ നടത്തി. അധികം വൈകാതെ ജീവനോടെ തന്നെ കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞു. പക്ഷേ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ലൈഫ് ഗാര്‍ഡുകളായ കാട്ടില്‍ പറമ്പില്‍ ബിജീഷ്, ബിജു തുവ്വക്കാട്ട് പറമ്പില്‍, തുവ്വക്കാട്ട് പറമ്പില്‍ രാജന്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകട മേഖലയായ തുവ്വപ്പാറയിലെ സ്ഥലങ്ങളില്‍ കടലില്‍ ഇങ്ങരുത് എന്ന മുന്നറിയിപ്പ് പലതവണയായി അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ ഇത് ലംഘിക്കുന്നത് അപകട കാരണമാകുന്നുണ്ട്. കാപ്പാട്, കൊല്ലം പാറപ്പള്ളി എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി കടുക്ക പറിക്കാനായി നിരവധി പേര്‍ കടലോരങ്ങളില്‍ എത്തുന്നുണ്ട്.