കാപ്പാട് ബീച്ചില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; കച്ചവടക്കാര്‍ കടകളടച്ച് പ്രതിഷേധിച്ചു


കാപ്പാട് : കാപ്പാട് ബീച്ചിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പെട്ടികട സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കാപ്പാട് മാപ്പിളകത്ത് കുഞ്ഞായിന്റെ പെട്ടികട ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്ത് റോഡിലേക്ക് മറിച്ചിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ചു കാപ്പാട് ബീച്ചിലെ മുഴുവന്‍ കടകളും അടച്ചിച്ചിട്ട് കച്ചവടക്കാര്‍ പ്രതിഷേധിച്ചു.

ഇന്നലെ അര്‍ദ്ധരാത്രി ഇരുചക്രവാഹനത്തില്‍ എത്തിയവരാണ് ആക്രമണം നടത്തിയത്. സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ അയ്യായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

കാപ്പാട് ബീച്ചിലെ പാതയോര കച്ചവടക്കാര്‍ക്കും അവരുടെ കടകള്‍ക്കും സംരക്ഷണം നല്‍കണമെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കാപ്പാട് ബീച്ച് പാതയോര കച്ചവട യൂണിയനും(എസ്. ടി യു) കാപ്പാട് തീരസംരക്ഷണ വേദിയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അതോടൊപ്പം ബ്ലൂ ബാഗ് ബീച്ചിന്റെ പാതയോരങ്ങളില്‍ അടിയന്തിരമായി സിസിടിവി സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക