കാലം തെറ്റിപ്പെയ്ത മഴ
കൊയിലാണ്ടിയിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാക്കി


അരിക്കുളം: കാലം തെറ്റി പെയ്ത മഴ കാർഷിക മേഖലയിൽ വരുത്തിവെച്ചത് കനത്ത നഷ്ടം. ബുധനാഴ്ച വൈകീട്ട് പെയ്ത് കനത്ത മഴയിൽ വിളവെടുക്കാൻ പാകമായ ഏക്കർ കണക്കിന് സ്ഥലത്തെ നെല്ലാണ് നശിച്ചത്. നടേരി കുതിരക്കുട വയലിൻ കർഷകർ കഠിനാധ്വാനം ചെയ്തു വിളിച്ച നെൽ കൃഷിയാണ് ഒറ്റദിവസം കൊണ്ട് നശിച്ചത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം കർഷകർക്ക് ഉണ്ടായത്.

നെൽകൃഷി യോടൊപ്പം വാഴ കൃഷിയും മരച്ചീനി കൃഷിയും പച്ചക്കറി കൃഷിയും നശിച്ചു. ശീതകാല പച്ചക്കറി കൃഷിക്ക് കൃഷിഭൂമി ഒരുക്കുന്ന തിരക്കിലായിരുന്നു കർഷകർ. കാലംതെറ്റി മഴ അതും പ്രതിസന്ധിയിലാക്കി.

അരിക്കുളം, കാരയാട് , കുറുവങ്ങാട്, വിയ്യൂർ, മരുതൂർ, വെളിയണ്ണൂർ ചല്ലി, കരുവോട്ചിറ, ചെറുവണ്ണൂർ പാടശേഖരം, ബാലുശ്ശേരി ,പനങ്ങാട്, മേഖലകളിലും കനത്ത കൃഷിനാശമാണ് ഉണ്ടായത്. കൃഷി നാശം ഉണ്ടായ സ്ഥലങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.