കീഴരിയൂർ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ


കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ രണ്ടും മൂന്നും പ്രതികളായ വധുവിന്റെ അമ്മാവൻ മന്സൂറിനെയും സുഹൃത്ത് തൻസീർനെയും ഇന്ന് കണ്ണൻകടവിൽവെച്ചു പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കേസിലെ പ്രധാനപ്രതിയായ കബീറിനെ കണ്ണങ്കടവിലെ ഒളിസങ്കേതത്തിൽ നിന്ന് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് സംഭവം നടന്ന കീഴരിയൂരിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു വിന്റെ നേതൃത്വത്തിൽ ടി.വി.ഹമീദ് SI, പി.ജി.ഷിബു ASI, അഭിജിത്ത്, പുഷ്പരാജ്, ദിലീപ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ഡിസംബര്‍ 3 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നടേരി സ്വദേശിയായ മുഹമ്മദ് സാലിഹും കീഴരിയൂര്‍ സ്വദേശിനിയായ ഫര്‍ഹാനയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. രജിസ്റ്റര്‍ വിവാഹമായിരുന്നു. പിന്നീട് ഫര്‍ഹാനയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു വടിവാളും കമ്പിയും ഉപയോഗിച്ചുളള ആക്രമണം. ഫര്‍ഹാനയുടെ അമ്മാവന്‍മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാര്‍ തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ നഷ്ടമാകാതിരുന്നതെന്ന് പ്രദേശവാസികള്‍ തന്നെ പറയുന്നു.

കയ്യില്‍ വടിവാളുമായാണ് അമ്മാവന്‍മാരായ കബീറും മന്‍സൂറും മറ്റുള്ളവരും സ്വാലിഹിനെ വഴിവക്കില്‍ കാത്തു നിന്നത്. നാട്ടുകാരില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വണ്ടിയുടെ വശങ്ങളിലെ ചില്ലുകള്‍ തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ചു. അകത്തിരിക്കുന്ന സ്വാലിഹ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കി കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയില്‍ പിന്നിലെ ചില്ലും ഇവര്‍ തല്ലിത്തകര്‍ത്തു.

സംഭവത്തില്‍ പോലീസ് അന്വേഷണംകാര്യക്ഷമമാക്കണം എന്ന ആവശ്യം ശക്തമായതിനിടയിലാണ് പ്രധാന പ്രതികളുടെ അറസ്റ്റ്.