കീഴരിയൂർ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് റെയ്ഡ്‌; 300 ലിറ്റർ വാഷ് നശിപ്പിച്ചു


കൊയിലാണ്ടി: കീഴരിയൂരിൽ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി. കീഴരിയൂർ ഭാസ്കരൻകെട്ട് ഭാഗത്താണ് റെയ്ഡ് നടത്തിയത്. രണ്ടിടത്തായി സൂക്ഷിച്ച ചാരായം വാറ്റാൻ പാകപ്പെടുത്തിയ 300 ലിറ്റർ വാഷ് ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു.

കീഴരിയൂർ ഭാസ്കരൻകെട്ട് ഭാഗത്തും മീറോട്മലയും കേന്ദ്രീകരിച്ച് വ്യാജവാറ്റും, ചാരായ വിൽപ്പനയും വ്യാപകമാകുന്നുവെന്നും, ഇവിടെ നിർമ്മിക്കുന്ന വ്യാജചാരായം സമീപത്തുള്ള പല പ്രദേശങ്ങളിലും വിൽപ്പന നടത്തുന്നുവെന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എക്സൈസ് റേഞ്ച് സംഘം റെയ്ഡ് നടത്തിയത്.

പ്രതികളെപറ്റി അന്വേഷണം നടത്തി വരികയാണെന്നും വ്യാജവാറ്റിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.അർഷാദ് പറഞ്ഞു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ.രാജു, ഹാരിസ് മുല്ലതുരുത്തി, സി.വിജയൻ, പി.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി.മനോജ്, പി.പി.ഷൈജു, സി.എം.വിചിത്രൻ, എ.പി.അനീഷ് കുമാർ, നിഖിൽ കിഴക്കയിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ സി.എൻ.ഷൈനി, വി.കെ.ബവിൻ എന്നിവർ പങ്കെടുത്തു.