കുടിവെള്ളമില്ലാതെ കൊവിഡ് രോഗി ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടില്‍


പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചരത്തിപ്പാറയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ജലനിധി പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതും ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. കോവിഡ് രോഗികള്‍ ഉള്ള വീടുകളില്‍ പോലും കുടിവെള്ളമില്ലാതെ ഉഴലുകയാണ്.

ജലനിധി പദ്ധതിയുടെയും ജലഅതോറിറ്റിയുടെയും വെള്ളമാണ് കുടിവെള്ളത്തിനും മറ്റുമായി ഇവിടെയുള്ളവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇവ രണ്ടും തകരാറിലായതോടെ അടുത്ത പ്രദേശങ്ങളിലുള്ളവരുടെ വീടുകളില്‍ പോയി വെള്ളം എടുക്കുകയാണ് ജനങ്ങള്‍. കോവിഡ് പോസിറ്റീവായി ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് മറ്റ് കിണറുകളില്‍ പോയി വെള്ളമെടുക്കാന്‍ കഴിയാത്തതിനാല്‍ കുടിവെള്ളത്തിനായ് യാചിക്കേണ്ട അവസ്ഥയാണ്.

ജലനിധി പദ്ധതിയുടെ മോട്ടോര്‍ രണ്ടാഴ്ച മുമ്പ് തകരാറിലായി. കുടിക്കാന്‍ ഉപയോഗിക്കില്ലെങ്കിലും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്ന ജലഅതോറിറ്റിയുടെ ജലവിതരണ പൈപ്പ് നാല് ദിവസം മുമ്പ് പൊട്ടി. ഇവ രണ്ടും ശരിയാകാത്തത് കാരണം ഇവിടെ അന്‍പതോളം വീടുകളിലുള്ളവര്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.

കോവിഡ് പോസിറ്റീവായ യുവതിക്ക് കുടിവെള്ളത്തിനും മറ്റ് ആവശ്യത്തിനുള്ള വെള്ളത്തിനുമായി പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

ഇവര്‍ക്ക് ദാഹമകറ്റാനാവശ്യമായ ജലം ചെറിയ പാത്രങ്ങളിലാക്കി ബന്ധുക്കളും അയല്‍വാസികളും കഴിഞ്ഞ രണ്ട് ദിവസമായി എത്തിച്ചു നല്‍കുകയാണ്. കോവിഡ് രോഗികള്‍ക്ക് വെള്ളത്തിന്റെ ഉപയോഗം കൂടുതലാണ്. ഈ ഘട്ടത്തില്‍ കുടിവെള്ളത്തിനു പോലും ദൗര്‍ലഭ്യം നേരിടുകയാണ് ഇവിടെ. പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കാനുള്ള തയ്യാറെടുപ്പ് നടത്തി വരുകയാണ്.

ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് ശരിയാക്കാനുള്ള നടപടികള്‍ പുരേഗമിച്ചു വരുകയാണെന്നും കൂടുതല്‍ ജോലിക്കാരെ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്താമെന്ന് അധികൃതര്‍ അറിയിച്ചതായും ഗ്രാമപഞ്ചായത്തംഗം എം. അരവിന്ദാക്ഷന്‍ പറഞ്ഞു. കോവിഡ് രോഗിയുള്ള വീട്ടില്‍ വെള്ളമെത്തിച്ചു നലകുമെന്നും അദ്ദേഹം അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക