‘കൂള്‍’ പഠനമുറികള്‍ പഠനം എളുപ്പമാക്കും


പേരാമ്പ്ര: പേരാമ്പ്ര നിയമസഭ മണ്ഡലത്തില്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പാഠം പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കാനായി ‘കൂള്‍’ എന്ന പേരില്‍ പഠന പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി പ്രയാസമേറിയ വിഷയങ്ങള്‍ക്ക് വിദഗ്ധ അധ്യാപകരെ ലഭ്യമാക്കി ഒരോ സ്‌കൂളിലും പ്രത്യേകം പഠന മുറികള്‍ ആരംഭിക്കും. പദ്ധതി വിശദീകരണ യോഗം മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സാമൂഹ്യ ശാസ്ത്രം, ഏക്കൗണ്ടന്‍സി, ഹിന്ദി, ഇംഗ്ലീഷ്, എക്കണോമിക്സ് എന്നീ വിഷയങ്ങള്‍ക്കാണ് പരിശീലനം. ഇതിനായി പഠന മെറ്റിരിയല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കും. മാതൃകാ പരീക്ഷകളും നടത്തും.

പഞ്ചായത്ത് എഡ്യുകേഷന്‍ കമ്മിറ്റിയും സ്‌കൂള്‍ പിടിഎയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സമ്പൂര്‍ണ്ണ വിജയവും എപ്ലസ്സുകളുടെ വര്‍ദ്ധനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുകയാണ് കൂളിന്റെ ലക്ഷ്യം. മാസിക സംഘര്‍ഷം കുറക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകളും ലഭ്യമാക്കും.

പദ്ധതി വിശദീകരണ യോഗത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ മറ്റ് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, കെ.വി.വിനോദന്‍, സി.എച്ച്.സനൂപ്, കെ.പി.പുഷ്പ, സി.കെ.വിനോദന്‍, സി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പള്‍മാര്‍, ഹെഡ് മാസ്റ്റര്‍മാര്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പിഇസി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫിബ്രവരി 4 മുതല്‍ മാര്‍ച്ച് 5 വരെയാണ് പ്രവര്‍ത്തനഘട്ടം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക