കേന്ദ്രത്തിന് കനത്ത തിരിച്ചടി; മോദിയുടെ വികസിത് ഭാരത് സന്ദേശം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വികസിത് ഭാരത് വാട്‌സ് ആപ് സന്ദേശം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സന്ദേശം നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി. ഇലക്ട്രോണിക്‌സ് മന്ത്രാലയമാണ് രാജ്യത്തെ ജനങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക്‌ സന്ദേശം അയച്ചിരുന്നത്.

സ്ഥാനാര്‍ത്ഥിയായിരിക്കെ മോദിയുടെ പേരില്‍ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇത്രയും മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ടിഎംസി ആവശ്യപ്പെട്ടിരുന്നു.