കൊയിലാണ്ടിയിലെ സബ് ട്രഷറി ‘സ്മാർട്ടാകുന്നു’; സന്തോഷവുമായി ജനങ്ങളും ജീവനക്കാരും


കൊയിലാണ്ടി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് ജീവനക്കാരും, പെൻഷൻകാരും, നാട്ടുകാരും. സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചത്.

കോടതി വളപ്പിൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് കെട്ടിടം ചോർന്നൊലിച്ചതോടെ ഓടുമാറ്റിമേൽക്കൂര ഷീറ്റാക്കുകയായിരുന്നു.കെ.ദാസൻ എം.എൽ.എ യുടെ അടിയന്തിര ഇടപെടലിന്റെ ഭാഗമായാണ് നിലവിലെ കെട്ടിടം പൊളിച്ച് അവിടെ തന്നെ പുതിയ കെട്ടിടം പണിയാൻ തീരുമാനമായത്.

നഗരസഭയെ കൂടാതെ ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലെ ആറായിരത്തോളം പെൻഷൻകാർ എല്ലാമാസവും നേരിട്ട് ഈ ഓഫീസിൽ എത്താറുണ്ട്. ബാങ്കുകൾ വഴി പെൻഷൻ വാങ്ങുന്നവരുടെ സാങ്കേതിക പ്രശ്നങ്ങൾ തീർക്കുന്നതും ഇവിടെയാണ്.

കൊയിലാണ്ടി നഗരഹൃദയത്തിൽ ദേശീയപാതയോട് ചേർന്ന് ബസ് സ്റ്റാന്റിനും, റെയിൽവെ സ്റ്റേഷനും അടുത്തുള്ള ട്രഷറി ഓഫീസ് എന്ന നിലയിൽ ട്രഷറി പരിധി നോക്കാതെ നൂറുകണക്കിനാളുകൾ ഇവിടെയെത്താറുണ്ട്. ജീവനക്കാർക്കും ഓഫീസിൽ എത്തുന്നവരും അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണിവിടെ. സാങ്കേതിക പ്രശ്നങ്ങൾ പൂർത്തീകരിച്ച് പെട്ടന്നു തന്നെ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയുമെന്ന് കെ.ദാസൻ എംഎൽഎ പറഞ്ഞു.