കൂടുതൽ കാര്യക്ഷമത; കൊയിലാണ്ടി പോലീസ് സബ് ഡിവിഷനാകുന്നു


കൊയിലാണ്ടി: സംസ്ഥാനത്തെ ക്രമസമാധാന പാലനവും കുറ്റാന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ കൊയിലാണ്ടി ഉൾപ്പെടെ 25 പോലീസ് സബ് ഡിവിഷനുകൾ കൂടി വരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സമർപ്പിച്ച നിർദേശം സർക്കാർ അംഗീകരിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അടുത്ത ദിവസം ഉത്തരവിറക്കും.

ഇതോടെ സംസ്ഥാനത്ത് സബ്ഡിവിഷനുകൾ 58ൽ നിന്ന് 83 ആകും. നിലവിലുള്ള സബ്ഡിവിഷനുകൾ പുന:ക്രമീകരിച്ചാണ് പുതിയ സബ് ഡിവിഷനുകൾ. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്ക് പുറമെ ഫറോക്കും പുതിയ സബ് ഡിവിഷൻ ആവും.

കോഴിക്കോട് റൂറലിൽ വടകര, നാദാപുരം, താമരശ്ശേരി സബ് ഡിവിഷനുകളിലായി 21 പോലീസ് സ്റ്റേഷനുകളാണ് ഉള്ളത്. ഇവ വിഭജിച്ചാണ് കൊയിലാണ്ടി സബ്ഡിവിഷൻ രൂപീകരിക്കുക. വടകരയിൽ നിന്ന് അത്തോളി, കൊയിലാണ്ടി സ്റ്റേഷനുകളും, താമരശ്ശേരിയിൽ നിന്ന് കാക്കൂർ സ്റ്റേഷനും, നാദാപുരത്ത് നിന്ന് പേരാമ്പ്ര, മേപ്പയൂർ സ്റ്റേഷനുകളും ഉൾപ്പെടുത്തിയാവും പുതിയ കൊയിലാണ്ടി സബ്ഡിവിഷൻ നിലവിൽ വരിക. കൊയിലാണ്ടി ഉൾപ്പടെ ഏഴ് പോലീസ് സ്റ്റേഷനുകളാണ് ഇപ്പോൾ വടകര സബ് ഡിവിഷനു കീഴിൽ ഉള്ളത്.

പുതിയ സബ് ഡിവിഷനുകൾ വരുന്നതോടെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടും. ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ പ്രവർത്തനം കാര്യക്ഷമമായി നിരീക്ഷിക്കാനുമാകും. സബ്ഡിവിഷൻ വരുന്നതോടെ കൊയിലാണ്ടിയിൽ ഇനി ഒരു ഡിവൈഎസ്പി കൂടിയുണ്ടാവും.

ഗൗരവമായ കേസുകളുടെ അന്വേഷനം, ക്രമസമാധാന പാലനം എന്നിവയ്ക്കിടെ ഇത്രയേറെ സ്റ്റേഷൻ ചുമതലയുള്ളത് ഡിവൈഎസ്പി അസി.കമ്മീഷണർ മാർക്ക് പ്രയാസമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സബ്ഡിവിഷനുകൾ ഇതിനും പരിഹാരമാകും.