കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗിന് വേണം; യൂത്ത് ലീഗ്


കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രവർത്തക സമിതിയിൽ പ്രമേയം. യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് കെ.എം.ഷമീമാണ് പ്രമേയം അവതരിപ്പിച്ചത്.

പരമ്പരാഗതമായി യു.ഡി.എഫ് വിജയിച്ചു കൊണ്ടിരുന്ന കൊയിലാണ്ടി നിയോജക മണ്ഡലം കഴിഞ്ഞ 15 വർഷക്കാലത്തോളമായി ഇടതുമുന്നണിയാണ് ജയിച്ചു വരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിക്കുന്ന വലിയ ഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയെടുക്കാൻ കഴിയാറില്ല. ഈ സാഹചര്യത്തിൽ മുസ്ലിംലീഗിലെ ജയസാധ്യതയുള്ള പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന പ്രമേയം നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്.

യോഗത്തിൽ യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി, മണ്ഡലം ലീഗ് പ്രസിഡന്റ് ഹുസൈൻ ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, സമദ് നടേരി, എസ്.എം.അബ്ദുൽ ബാസിത്, ഷെഫീഖ് കരേക്കാട്, കെ.എം.ഷമീം, നിസാർ മാടാക്കര, എ.സി.സുനൈദ്, കെ.കെ.റിയാസ് എന്നിവർ പങ്കെടുത്തു.