‘ചെത്തു കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രി’; പിണറായി വിജയനെ പരിഹസിച്ച് കെ.സുധാകരന്‍


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരന്‍ എംപി. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം ഏറ്റവും കൂടുതല്‍ നടത്തിയത് കോണ്‍ഗ്രസ്, ബിജെപി നേതാക്കളാണ്. ഇപ്പോഴിതാ, കെ സുധാകരന്‍ എംപിയും. സുധാകരന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നത്. സംഭവത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ കെ സുധാകരന്‍ മാപ്പ് പറയണമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ ആവശ്യപ്പെട്ടത്. സുധാകരന്റെ പരാമര്‍ശത്തോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല. തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണ്.

തൊഴില്‍ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാം. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം അങ്ങേയറ്റത്തെ തെറ്റായി പോയി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഷാനിമോള്‍ പറഞ്ഞു.