ജീവൻ നൽകി കൂട്ടുകാരെ രക്ഷിച്ച മുഹമ്മദ് മുഹ്സിന് ധീരതയ്ക്കുള്ള പുരസ്കാരം


കോഴിക്കോട്: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ മൂന്ന് കൂട്ടുകാരെ രക്ഷപ്പെടുത്തുന്നതിനിടെ മുങ്ങിമരിച്ച ഇ.സി.മുഹമ്മദ് മുഹ്സിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്‌കാരം. മൂന്നാമത്തെ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു മരിച്ച മുഹമ്മദ് മുഹ്‌സിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചത്.

സിവിലിയന്‍ പുരസ്‌കാരങ്ങളുടെ സ്ഥാനപട്ടികയില്‍ പത്മശ്രീക്ക് തൊട്ടുതാഴെയുള്ള സര്‍വോത്തം ജീവന്‍ രക്ഷാപതക് പുരസ്‌കാരത്തിനാണ് മുഹ്‌സിന്‍ അര്‍ഹനായിരിക്കുന്നത്. 2020ല്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത് മുഹ്‌സിന്‍ മാത്രമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ 2019ലെ ദേശീയ ധീരതാ അവാര്‍ഡും മുഹ്‌സിന് ലഭിച്ചിരുന്നു.

2019 ഏപ്രില്‍ 25ന് വൈകീട്ട് 5.45 ഓടെയാണ് കോടിക്കല്‍ ബീച്ചില്‍ നീന്താനിറങ്ങിയ സുഹൃത്തുക്കള്‍ അടിയൊഴുക്കില്‍പ്പെട്ടപ്പോള്‍ സാഹസികമായി മൂന്നു പേരെയും മുഹ്‌സിന്‍ കരയ്‌ക്കെത്തിച്ചു. മൂന്നാമത്തെ സുഹൃത്തിനെ രക്ഷിച്ചെങ്കിലും മുഹ്‌സിന്‍ ഒഴുക്കില്‍പ്പെട്ടുപോയി. മരിക്കുമ്പോള്‍ മുഹസിന് 16 വയസായിരുന്നു.

 

വീട്ടിലായിരുന്ന മഹസിന്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത കണ്ട് ഈ വിവരം സുഹൃത്തുക്കളോട് പറയാനാണ് കടപ്പുറത്തേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മൂന്ന് സൂഹൃത്തുക്കളും അഅപകടത്തില്‍ പെട്ടതാണ് കണ്ടത്. ഉടനെ തന്നെ വസ്ത്രമഴിച്ച് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഏല്‍പ്പിച്ച് മൂഹ്‌സിന്‍ കടലിലേക്കിറങ്ങുകയായിരുന്നു. രണ്ടുപേരെ നീന്തി രക്ഷപ്പെടുത്തി മൂന്നാമനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറിയ ശേഷമാണ് മുഹസിന്‍ തിരയില്‍പെട്ട് മുങ്ങിയത്.

തിക്കോടി പാലൂര്‍ മിന്‍ഹാസില്‍ ഗള്‍ഫ് പ്രവാസിയായ മുസ്തഫ-നാസില ദമ്പതികളുടെ മകനാണ്. തിക്കോടി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു.