ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തികൊന്ന സംഭവം: മരണകാരണം ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവ്; മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്റ്റഡിയില്‍


കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫിനെ കുത്തികൊന്ന കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കസ്റ്റഡിയില്‍. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇര്‍ഷാദ്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പോലീസ് കാഞ്ഞങ്ങാട്ടത്തെിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

അതിനിടെ ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയ ധമനിയില്‍ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാര്‍ന്ന് ഉടനെ മരണം സംഭവിച്ചു. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ചുകയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തില്‍ നാലുപേര്‍ക്ക് പങ്കുണ്ടെന്നാണ് ലഭ്യമായ വിവരം. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയില്‍ പരാമര്‍ശിച്ച മുണ്ടത്തോട് സ്വദേശികളെയാണ് ആദ്യം പ്രതി ചേര്‍ക്കുക.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയാണ് ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകന്‍ ഔഫിനെ മുസ്ലീലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. 27 വയസ്സായിരുന്നു.

അതിനിടെ കാഞ്ഞങ്ങാട് മേഖലയില്‍ സംഘര്‍ഷമുണ്ടായി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ലീഗ് ഓഫീസും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തു. ഔഫിന്റെ ഖബറക്കടത്തിന് പിന്നാലെയായിരുന്നു ആക്രമണം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക