തിക്കോടിയില്‍ ഇടതു മുന്നണിയ്ക്ക് അട്ടിമറി ജയം; പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു


പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ ഭരണം ഇടതു മുന്നണി പിടിച്ചെടുത്തു. ആകെയുള്ള 17 സീറ്റില്‍ പത്തിടത്തും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഏഴ് സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫില്‍ രണ്ട് സീറ്റ് എല്‍ജെഡിയാണ് നേടിയത്.

യുഡിഎഫിന്റെ നാല് സിറ്റിംഗ് വാര്‍ഡുകള്‍ പിടിച്ചെടുത്താണ് പഞ്ചായത്ത് ഭരണം ഇടതു മുന്നണി സ്വന്തമാക്കിയത്. ലീഗിന്റെ സിറ്റിംഗ് സീറ്റുകളായ ഒന്ന്, നാല് എന്നിവയും കോണ്‍ഗ്രസിന്റെ കയ്യിലായിരുന്ന എട്ട്, പത്ത് വാര്‍ഡുകളും ഇത്തവണ ഇടതുമുന്നണി നേടി.

കഴിഞ്ഞ തവണ യുഡിഎഫിന് പതിമൂന്നും എല്‍ഡിഎഫിന് നാലും സീറ്റായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. അന്ന് യുഡിഎഫ് പക്ഷത്തായിരുന്ന എല്‍ജെഡി പിന്നീട് മുന്നണി മാറിയത് ഇടതുപക്ഷത്തിന് ഗുണമായി. എന്‍ഡിഎയ്ക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.