തെരുവ് കയ്യടക്കി കർഷകർ; ഡൽഹിയിൽ കലാപ സമാന സാഹചര്യം


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ മാര്‍ച്ചിന്റെ ഒരുവിഭാഗം ഡല്‍ഹിയിലെത്തി. മാര്‍ച്ച് തടയാന്‍ പോലീസ് നടത്തിയ ശ്രമം പലയിടത്തും സംഘര്‍ഷത്തിനിടയാക്കി. കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് പ്രഗതി മൈതാനിയിലും, രാജ്ഘട്ടിലും കര്‍ഷകര്‍ എത്തി. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പോലിസ് വെടിവെച്ച് കൊന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന് നേരെയും ആക്രമണം നടന്നു. ഇവര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്.

ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിനു നേരെ പോലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പോലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പോലീസ് പ്രയോഗിച്ചു. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി.

കര്‍ഷകരും പോലിസും തമ്മില്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. കര്‍ഷകരുടെ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും കാറ്റ് പോലീസ് അഴിച്ചുവിട്ടു. ഒപ്പം ട്രാക്ടറുകളിലെ ഇന്ധനവും പോലീസ് തുറന്നുവിട്ടു. ഇതോടെ ഇനി ഇവിടെനിന്ന് ട്രാക്ടറുകളും മറ്റ് വാഹനങ്ങളും മാറ്റുകയെന്നത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും.

ഡല്‍ഹി ഹരിയാന അതിര്‍ത്തിയായില്‍ കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു. ഇതുവഴി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തിയത്. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പോലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നുവെന്നാണ് വിലയിരുത്തല്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക