ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്‌; ഏഴുകോടി നേടി എറണാകുളം സ്വദേശി


ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം. അബുദാബിയിൽ ജോലി ചെയ്യുന്ന എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദിനാണ് (35) ഏഴുകോടിയിലേറെ രൂപ (10 ലക്ഷം യു.എസ് ഡോളർ) സമ്മാനം ലഭിച്ചത്. ജനുവരി 20-ന് ഓൺലൈൻ വഴിയാണ് സൂരജ് അനീദ് ടിക്കറ്റെടുത്തത്.

350 ആം സീരീസിലെ 4645 എന്ന ടിക്കറ്റ് നമ്പറിലാണ് സൂരജിനെത്തേടി ഭാഗ്യമെത്തിയത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ വിജയിയായ വിവരം ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇദ്ദേഹം അറിയുന്നത്.

വീഡിയോയിൽ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്ന് സൂരജ് പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 175-മത് ഇന്ത്യക്കാരനാണ് ഇദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷമായി സൂരജ് യു.എ.ഇ.യിലുണ്ട്. ബാങ്കിലെ കസ്റ്റമർ സർവീസ് വിഭാഗത്തിൽ ജോലിചെയ്യുന്ന സൂരജ് ഭാര്യയ്ക്കും മകൾക്കുമൊപ്പം അബുദാബിയിലാണ് താമസം.

ഇത്തവണ ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ മുഴുവൻ നറുക്കും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ഒന്നാംസമ്മാനമായ 15 ദശലക്ഷം ദിർഹത്തിന് (30 കോടിയോളം രൂപ) തസ്‌ലീന പുതിയപുരയിൽ അർഹയായി. ഓൺലൈനായി എടുത്ത 291310 നമ്പർ ടിക്കറ്റിലൂടെയാണ് തസ്‌ലീനയെ ഭാഗ്യം തേടിയെത്തിയത്. രണ്ടുംമൂന്നും സമ്മാനങ്ങൾ യഥാക്രമം പ്രേംമോഹൻ, അലി അസ്കർ എന്നിവർ നേടി. എട്ട് കാഷ് നറുക്കുകളും ഒരു ആഡംബര വാഹന നറുക്കുമാണ് നടന്നത്.