ദേശീയ വിദ്യാഭ്യാസ നയം: പ്രതിരോധ സംഗമവുമായി കെ.എസ്.ടി.എ


കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിരോധ സംഗമവുമായി കെ.എസ്.ടി.എ. സുഘടിതമായ സ്‌കൂള്‍ സംവിധാനങ്ങള്‍ക്ക് പകരം അനൗപചാരിക വിദ്യാഭ്യാസത്തെയാണ് ദേശീയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നതെന്ന് കെ.എസ്.ടി.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചാം ക്ലാസ് മുതല്‍ നടക്കുന്ന ടെര്‍മിനല്‍ പരീക്ഷകള്‍ ദളിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും സ്‌കൂളില്‍ നിന്ന് അകറ്റും. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക കാരണമാകും. വര്‍ഗീയതയും ജാതി മേല്‍ക്കോയ്മയും ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ വീണ്ടും ബ്രാഹ്‌മണവല്‍ക്കരിക്കാനുളള ബോധപൂര്‍വമായ ആസൂത്രണമാണ് നടത്തുന്നതെന്ന് കെ.എസ്.ടി.എ ആരോപിച്ചു.

സംസ്ഥാന വ്യപകമായി നടക്കുന്ന പ്രതിരോധ സംഗമത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജനുവരി 13 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ബസ്റ്റാന്‍ഡ് പരിസരത്ത് കെ.ടി. കുഞ്ഞിക്കണ്ണന്‍ (ഡയര്‍ക്ടര്‍ കേളു വേട്ടന്‍ പഠനകേന്ദ്രം) നിര്‍വഹിക്കും. പൊതു സമൂഹവുമായി ഈ വിഷയങ്ങള്‍ തുറന്നു സംവദിക്കുന്ന പ്രസ്തുത പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുഴുവന്‍ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കെ.എസ്.ടി.എ ആഹ്വാനം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി.പി.രാജീവന്‍, ജില്ലാപ്രസിഡന്റ് ബി. മധു ,ജില്ലാ ജോ. സെക്രട്ടറി ആര്‍.എം.രാജന്‍, ജില്ലാ എക്‌സിക്യുട്ടീവ് ഡി.കെ.ബിജു, സബ് ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍ സബ് ജില്ല പ്രസിഡന്റ് ഗണേഷ് കക്കഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക