നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരെ തീരുമാനിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാര സംബന്ധിച്ച് എൽ.ഡി.എഫിൽ ധാരണയായി. ഇന്ന് ചേർന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റിയാണ് അദ്ധ്യക്ഷരെ സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്തിയത്.

നഗരസഭയിൽ ഭരണനിർവ്വഹണത്തിനായി ആറ് സ്റ്റാന്റിംഗ് കമ്മറ്റികളാണ് ഉള്ളത്. അതിൽ മൂന്ന് സ്റ്റാന്റിംഗ് കമ്മറ്റികൾ വനിതകൾക്ക് സംവരണം ചെയ്യപെട്ടതാണ്. വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനങ്ങളാണ് വനിതകൾക്ക് മാറ്റി വെച്ചത്.

ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം വൈസ് ചെയർമാൻ തന്നെയാണ് വഹിക്കുക. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നേരത്തെ കഴിഞ്ഞതാണ്. വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.സത്യൻ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ ചുമതല കൂടി വഹിക്കും. നഗരസഭയിലെ 15-ാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നഗരസഭ കൗൺസിലിൽ ചെയർമാൻ പദവി വഹിച്ചയാളാണ് സത്യൻ.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി മുന്നണി ധാരണ പ്രകാരം സി.പി.ഐ ക്ക് വിട്ടുകൊടുത്തതാണ്. പത്താം വാർഡിൽ നിന്നും വിജയിച്ച ഇ.കെ.അജിത് മാസ്റ്ററെയാണ് മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി തിരുമാനിച്ചത്. ഇത് രണ്ടാം തവണയാണ് അജിത് നഗരസഭ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ ചുമതല വഹിച്ചിട്ടുണ്ട്.

വികസന സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി തീരുമാനിച്ചത് കെ.എ.ഇന്ദിര ടീച്ചറെയാണ്. 19-ാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെയും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പദവി വഹിച്ച പരിചയമുണ്ട്.

കെ.ഷിജു മാസ്റ്ററെയാണ് ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാനായി തീരുമാനിച്ചത്. കഴിഞ്ഞ കൗൺസിലിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആയിരുന്നു. 27-ാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായി തീരുമാനിച്ചത് സി.പ്രജിലയെയാണ്. മൂന്നാം വാർഡിൽ നിന്നാണ് തിരെഞ്ഞെടുക്കപെട്ടത്. ഇത് രണ്ടാം തവണയാണ് പ്രജില കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണായി നിജില പറവക്കോടിയെ യാണ് തീരുമാനിച്ചത്. അഞ്ചാം വാർഡിൽ നിന്നാണ് നിജില വിജയിച്ചത്.

ജനുവരി പതിനൊന്നിനാണ് സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് നടക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക