നടുവണ്ണൂര്‍ കാവുന്തറയില്‍ തോട്ടില്‍ കാട്ടുപന്നി ചത്ത നിലയില്‍; ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം


നടുവണ്ണൂര്‍: കാവുന്തറ പൊന്നമ്പത്ത്കാവ് അമ്പലത്തിനടുത്ത് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തി. അമ്പലത്തിന് സമീപത്തുള്ള തോട്ടിലാണ് ഇന്നലെ വൈകുന്നേരം ചത്തനിലയിലുള്ള പന്നിയെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

തൊഴിലാളികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസഡിന്റ് ടി.പി ദാമോദരന്‍ സ്ഥലത്തെത്തുകയും വിവരം ഫോറസ്റ്റ്, വൈറ്ററിനറി ഡിപ്പാര്‍ട്ടമെന്റിനെയും വിഭാഗങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ജഡം ജീര്‍ണിച്ചതിനാല്‍ പരിശോധനകള്‍ നടത്തിയാല്‍ ഫലം ലഭിക്കില്ലെന്ന് വൈറ്ററിനറി വിഭാഗം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജഡം മറവ് ചെയ്തു.

തോടിന് സമീപത്തുള്ള മല കാട്ടുപന്നികളുടെ സ്ഥിരം കേന്ദ്രമാണ്. ഇവ പലപ്പോഴും പറമ്പിലും വയലിലുമിറങ്ങി കൃഷികള്‍ നശിപ്പിക്കാറുണ്ട്.