പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു: കുറഞ്ഞ ശമ്പളം 23,000 രൂപ; പിതൃത്വ അവധി 15 ദിവസം; ശുപാർശ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വര്‍ദ്ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി വര്‍ധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മീഷന്‍ അധ്യക്ഷന്‍ കെ.മോഹന്‍ദാസ് അംഗങ്ങളായ എം.കെ.സുകുമാരന്‍ നായര്‍, അശോക് മാമ്മന്‍ ചെറിയാന്‍ എന്നിവര്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി.

2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും. 10 ശതമാനം ഫിറ്റ്മെൻ്റ് ബെനിഫിറ്റും നൽകും. 23,000 രൂപയാകും കുറഞ്ഞ് ശമ്പളം. 166800 രൂപയാണ് കൂടിയ ശമ്പളം. കുറഞ്ഞ ഇന്‍ക്രിമെന്റ് 700 രൂപയും കൂടിയത് 3400 രൂപയും ആയിരിക്കും.

വീട്ട് വാടക അലവന്‍സ് (എച്ച്.ആര്‍.എ) കോര്‍പറേഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 8, 6 എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളില്‍ 4 ശതമാനവും നല്‍കാന്‍ ശുപാര്‍ശയുണ്ട്. ഇതനുസരിച്ച് കുറഞ്ഞ എച്ച്ആര്‍എ 1200 രൂപയും കൂടിയ എച്ച്ആര്‍എ 10000 രൂപയും ആകും. എച്ച് ആര്‍എ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി.

ഇക്കൊല്ലം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടി നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇതനുസരിച്ച് ഇരുപതിനായിരത്തോളം പേരുടെ വിരമിക്കല്‍ വൈകിപ്പിച്ചുകൊണ്ട് 5700 കോടി രൂപയുടെ ചെലവ് നീട്ടിവെക്കാനാണ് ശുപാര്‍ശ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്.

വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ സ്പെഷല്‍ അലവന്‍സ് ആയി നല്‍കാന്‍ ശുപാര്‍ശയുണ്ട്. ആരോഗ്യവകുപ്പില്‍ പാരാ മെഡിക്കല്‍ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കാനും വര്‍ധന ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കാന്‍ ശുപാര്‍ശയുണ്ട്. 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയായി നല്‍കാന്‍ ശുപാര്‍ശ. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയും ആയിരിക്കും.

പെൻഷൻ കണക്കാക്കുന്ന രീതിയിൽ റിപ്പോർട്ടിൽ മാറ്റം നിർദേശിച്ചിട്ടുണ്ട്. നിലവില്‍ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്നതിന് പകരം, അവസാനം വാങ്ങിയ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലാകും ഇനി പെൻഷൻ നിർണയിക്കുക. കുടുംബ പെന്‍ഷന്‍ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണമായ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വര്‍ഷം വരെ അവധി അനുവദിക്കാനും ശുപാര്‍ശയുണ്ട്. പിതൃത്വ അവധി 10 ല്‍നിന്ന് 15 ദിവസമാക്കാനും ശുപാര്‍ശ.

പാര്‍ട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്പളം 22,970 എന്നിങ്ങനെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായി സര്‍ക്കാരിന് 4810 കോടി രൂപ അധികബാധ്യത ഉണ്ടാകും.

അടുത്ത ശമ്പള പരിഷ്‌കരണം 2026 ജനുവരിയില്‍ നടക്കാന്‍ സാധ്യതയുള്ള കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനു ശേഷമേ നടത്താവൂ എന്നും ശുപാര്‍ശയുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പുറത്തിറങ്ങുന്നതിന് മുന്‍പ് ശമ്പള പരിഷ്‌കരണ ഉത്തരവുണ്ടാകുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനു പുറമെ വിരമിച്ചവരുടെ പെന്‍ഷന്‍, സാമൂഹിക സുരക്ഷാ-ക്ഷേമ പെന്‍ഷനുകള്‍ എന്നിവ വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നു 2500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.