പയ്യോളിയിലെ പോരിന് അമ്മായിയമ്മമാരും


പയ്യോളി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം ഡിവിഷനായ കടലൂരിലാണ് സ്ഥാനാര്‍ത്ഥികളായ രണ്ട് അമ്മായിഅമ്മന്മാര്‍പോരിനിറങ്ങുന്നത്. മുസ്ലീംലീഗ് സെക്രട്ടറി സുഹറ ഖാദറിന്റെ എതിരാളിയായി മത്സരിക്കുന്നത് മകളുടെ ഭര്‍തൃമാതാവും ഐ.എന്‍.എല്‍ വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഒ.ടി അസ്മയാണ്.

വന്‍മുഖം ഗവ.ഹൈസ്‌കൂള്‍ മദര്‍ പിടിഎ പ്രസിഡന്റ് കൂടിയായ സുഹറ പൊതുരംഗത്ത് സജീവമാണെങ്കിലും പൊതുതെരെഞ്ഞെടുപ്പിലിറങ്ങുന്നത് ഇതാദ്യമാണ്.
പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലീംലീഗിന്റെ സിറ്റിങ് സീറ്റായ കടലൂര്‍ ഡിവിഷന്‍ ഇത്തവണ വനിതസംവരണമാണ്.

എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഒ.ടി അസ്മക്ക് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അനുഭവസമ്പത്ത് കരുത്തായുണ്ട്. ഐ.എന്‍.എല്‍ സംസ്ഥാന വനിതാനേതാവ് കൂടിയായ അസ്മയുടെ നാലാം അങ്കത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. ഒരുതവണ വാര്‍ഡ് മെമ്പറാവാനുളള അവസരവും അസ്മയ്ക്കുണ്ടായി. വിജയം സുനിശ്ചിതമാണെന്ന് കണക്കുക്കൂട്ടലില്‍ തന്നെയാണ് ഇറങ്ങിത്തിരിച്ചിരക്കുന്നതെന്ന് അവര്‍ ഇരുവരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടിനാണ് യുഡിഎഫിന്റെ മുഹമ്മദലി മുതുകുനി ജയിച്ചുകയറിയത്.