പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു; വിജയിച്ചത് യുഡിഎഫിലെ എ.പി.പത്മശ്രീ


പയ്യോളി: പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. പത്മശ്രീയെയാണ് വൈസ് ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത മുപ്പത്തിയഞ്ച് പേരുടെ വോട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ പി.പി ഷൈമ പതിനാല് വോട്ടുനേടിയപ്പോള്‍ ഇരുപത് വോട്ടു നേടിയാണ് പത്മശ്രീ വിജയിച്ചിരിക്കുന്നത്. ഒരു വോട്ട് അസാധുവായി. മുസ്ലിം ലീഗ് അംഗം എസി സുനൈദിന്റെ വോട്ടാണ് അസാധുവായത്. ബിജെപി തെരെഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഉച്ചക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വി.കെ അബ്ദുറഹിമാന്‍ തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്ത 35 വോട്ടുകളില്‍ 21 വോട്ടുകള്‍ നേടിയാണ് വി.കെ അബ്ദുറഹിമാന്‍ നഗരസഭാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി ടി അരവിന്ദാക്ഷന് 14 വോട്ടുകള്‍ ലഭിച്ചു. ചെയര്‍മാന്‍ തെരെഞ്ഞടുപ്പിലും ബി.ജെ.പി അംഗം ടി.എം നിഷ ഗിരീഷ് വിട്ടുനിന്നു.

പയ്യോളി വെസ്റ്റ് 24ാം വാര്‍ഡ് അംഗമാണ് തെരഞ്ഞെടുക്കപ്പെട്ട വി.കെ അബ്ദുറഹിമാന്‍. അബ്ദുറഹിമാനെ സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ ഷഫീഖ് വടക്കയിലാണ് നിര്‍ദ്ദേശിച്ചത്. അഷ്‌റഫ് കോട്ടക്കല്‍ പിന്താങ്ങി. വ്യവസായ കേന്ദ്രം ഇന്‍സ്‌പെക്ടര്‍ പി നിധിന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം ലീഗിന് നല്‍കിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്മശ്രീ 27ാം വാര്‍ഡായ ഗാന്ധി നഗറില്‍ നിന്നുള്ള കൗണ്‍സിലറാണ്.