പുതുവത്സരാഘോഷത്തിന് മയക്കുമരുന്ന്; തളിപ്പറമ്പില്‍ യുവതി ഉള്‍പ്പടെ 7 പേര്‍ പിടിയില്‍


കണ്ണൂര്‍: തളിപ്പറമ്പില്‍ അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി യുവതി ഉള്‍പ്പടെ 7 അംഗ സംഘത്തെ എക്‌സൈസ് പിടികൂടി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ സമീറലി(28), പൂമംഗലം ഹബീബ് നഗറിലെ പി. മുഹമ്മദ് ഹനീഫ(25), കാസര്‍ഗോഡ് മുഹമ്മദ് ഷഫീക്ക്(22), കാസര്‍ഗോഡ് പച്ചവളയിലെ എച്ച്. മുഹമ്മദ് ശിഹാബ്(32), വയനാട് കൂളിവയലിലെ കെ. ഷഹബാസ്(28), പാലക്കാട് ചിറ്റൂരിലെ എം. ഉമ(24) എന്നിവരെയാണ് ബക്കളത്തെ സ്‌നേഹ ഇന്‍ ലോഡ്ജില്‍ നിന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപ് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ ഒന്‍പതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതിമാരക മയക്കുമരുന്നുകളായ എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍ എന്നിവയും രണ്ടു ഇരുചക്രവാഹനങ്ങൡ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.
പുതുവത്സരാഘോഷത്തിന് മയക്കുമരുന്ന് വിതരണം ചെയ്യാനായിരുന്നു സംഘം ഹോട്ടലില്‍ തങ്ങിയത്. പ്രതികളില്‍ സമീറലി നേരത്തെയും ഇത്തരം കേസില്‍ ഉള്‍പ്പെട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.