പുതുവത്സര ദിനത്തില്‍ മധുരസമ്മാനങ്ങളുമായി വീടുകളിലെത്തി അദ്ധ്യാപികമാര്‍


പാലാ: അറിവിന്റെ തേന്‍മധുരം പകരുന്ന ടീച്ചറമ്മമാര്‍ പുതുവത്സര ദിനത്തില്‍ മിഠായികളുടെ ഇരട്ടിമധുരവുമായി നെച്ചിപ്പുഴൂരിലും സമീപഗ്രാമങ്ങളിലും സ്‌നേഹത്തിന്റെ മധുരം വിളമ്പി. പാലായ്ക്കടുത്ത് നെച്ചിപ്പുഴൂര്‍ ദേവീവിലാസം എന്‍.എസ്.എസ്.എല്‍.പി സ്‌കൂളിലെ അദ്ധ്യാപകരാണ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ പുതുവത്സര ദിനത്തില്‍ മധുരസമ്മാനങ്ങളുമായെത്തിയത്.

നിനച്ചിരിക്കാതെ ടീച്ചര്‍മാര്‍ വന്ന് മധുരപ്പെട്ടികള്‍ സമ്മാനിച്ചപ്പോള്‍ കുഞ്ഞുങ്ങളുടെ മുഖങ്ങളില്‍ ആഹ്ലാദമധുരം വിടര്‍ന്നു. രക്ഷിതാക്കള്‍ക്കും സന്തോഷം. മാതാപിതാക്കളെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു തങ്ങളുടെ സന്ദര്‍ശനമെന്ന് പ്രധാന അദ്ധ്യാപിക ബിന്ദു ജി. നായര്‍ പറഞ്ഞു. സ്‌കൂളില്‍ നൂറ്റിയിരുപത് കുട്ടികളാണ് ഉള്ളത്. ഇവരുടെയെല്ലാം വീടുകളില്‍ ഇന്നലെ ചെന്ന് മിഠായിപ്പൊതികള്‍ വിതരണം ചെയ്തു.

”കൊറോണക്കാലമായിരുന്നതിനാല്‍ കുഞ്ഞുങ്ങളെ നേരില്‍ക്കണ്ടിട്ട് എത്രയോ കാലമായി. ചുരുക്കം ചില വീടുകളിലൊക്കെ ഇടയ്ക്ക് പോയിരുന്നു. പുതുവത്സര ദിനത്തില്‍ എല്ലാ കുട്ടികളെയും നേരിട്ടൊന്നു കാണണ മെന്നും അവര്‍ക്ക് ചെറിയൊരു സമ്മാനം വിതരണം ചെയ്യണമെന്നും ഞങ്ങള്‍ അദ്ധ്യാപകര്‍ ഒത്തുചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു” പ്രധാന അദ്ധ്യാപിക ബിന്ദു ജി. നായര്‍ പറഞ്ഞു.

രാവിലെ 9 ന് സ്‌കൂളില്‍ നിന്നാരംഭിച്ച കുട്ടികളുടെ വീടു സന്ദര്‍ശന യാത്രയില്‍ ബിന്ദു ടീച്ചറിനൊപ്പം മറ്റ് അദ്ധ്യാപികമാരായ സ്വാതി സുഭാഷ്, ആരതി രാജ്, മിഥു ഉമേഷ്, അശ്വതി കെ.വി എന്നിവരുമുണ്ടായിരുന്നു.

നേരത്തെ അറിയിക്കാതെയാണ് തങ്ങള്‍ ചെന്നതെങ്കിലും എല്ലാ വീടുകളിലും വളരെ സന്തോഷത്തോടെ മാതാപിതാക്കളും കുഞ്ഞുങ്ങളും തങ്ങളെ സ്വീകരിച്ചതായി അദ്ധ്യാപികമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. വൈകിട്ട് നാലു മണിയോടെയാണ് അദ്ധ്യാപികമാരുടെ ഈ സ്‌നേഹ മധുരവണ്ടി പര്യടനം പൂര്‍ത്തിയാക്കിയത്.