പെണ്‍കുട്ടിക്കള്‍ക്ക് സ്വയം രക്ഷ; ആര്‍ച്ച പദ്ധതിയുമായി എന്‍എസ്എസ്‌


അരിക്കുളം: ജില്ലയിലെ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ക്ക് സെല്‍ഫ് ഡിഫന്‍സിങ്ങില്‍ പരിശീലനം നല്‍കുന്നതിനായി ആര്‍ച്ച പദ്ധതി നടപ്പിലാക്കുന്നു. ജില്ലയിലെ 144 എന്‍എസ്എസ് യൂണിറ്റുകളിലെ 7200 പെണ്‍കുട്ടികള്‍ക്കും താല്‍പര്യമുള്ള അവരുടെ അമ്മമാര്‍ക്കുമാണ് സെല്‍ഫ് ഡിഫന്‍സിങ്ങില്‍ പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരിക്കുളം കെപിഎംഎസ്എം എച്ച്എസ്എസ് സ്‌കൂളില്‍ സബ് ഇന്‍സ്പെക്ടര്‍ വി.കെ ജിനേഷ് നിര്‍വ്വഹിച്ചു.

ജില്ലയിലെ പോലീസ് വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.വി.ഷീജ, എം.കെ.സുജാത, വി.ബിന്ദു എന്നിവരാണ് വിവിധ എന്‍എസ്എസ് യൂണിറ്റുകളില്‍ എത്തി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്.

പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് പരിശീലനം നല്‍കുക. റൂറല്‍ ഡിവൈഎസ്പിയും സെല്‍ഫ് ഡിഫന്‍സിങ്ങ് നോഡല്‍ ഓഫീസറുമായ ആര്‍.ഹരിദാസ് കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും .

പിടിഎ പ്രസിഡന്റ് ജെ.എന്‍.പ്രേംഭാസില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ല കോ ഓര്‍ഡിനേറ്റര്‍ എസ്.ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി. പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കരുത്തോടെ മുന്നേറുന്നതിനും പദ്ധതി സഹായകമാവുമെന്നും ശ്രീചിത്ത് പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ കെ.ഷാജി, എ.എം.രേഖ, നവ്യദാസ് തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക