പേരാമ്പ്രയിലെ യുവതിയുടെ മരണം; ആത്മഹത്യ പ്രേരണയ്ക്ക് ഭർത്താവിന്റെ ബന്ധുക്കൾ അറസ്റ്റിൽ


പേരാമ്പ്ര: മുളിയങ്ങലില്‍ മുപ്പതു വയസ്സുകാരിയായ മഞ്ജിമ ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുളിയങ്ങല്‍ കുന്നത്ത് ഉണ്ണികൃഷ്ണന്‍ (31), അമ്മ ഇന്ദിര (53) എന്നിവരെയാണ് പേരാമ്പ്ര സി.ഐ. കെ. സുമിത് കുമാര്‍ അറസ്റ്റു ചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ പിതൃസഹോദരിയും മകനുമാണിവര്‍. മൊബൈല്‍ ഫോണിലുണ്ടായിരുന്ന ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

2019 മാര്‍ച്ച് രണ്ടിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി. ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സി.ഐ.ക്ക് കൈമാറുകയായിരുന്നു. യുവതി എഴുതിവെച്ച ആത്മഹത്യക്കുറിപ്പ് നശിപ്പിക്കപ്പെട്ടിരുന്നു. അതിനും അറസ്റ്റിലായവരുടെപേരില്‍ കേസെടുത്തിട്ടുണ്ട്.

യുവതിയുടെ ഫോണിലുണ്ടായിരുന്ന ആത്മഹത്യക്കുറിപ്പിന്റെ ഫോട്ടോയാണ് പ്രധാന തെളിവായി പോലീസ് പരിഗണിച്ചത്. കണ്ണൂരിലെ റീജ്യണല്‍ ഫൊറന്‍സിക് ലാബിലും ഫോണ്‍ പരിശോധന നടത്തിയിരുന്നു. എ.എസ്.ഐ. പി.കെ. ശ്രീജിത്ത്, സി.പി.ഒ.മാരായ കെ. അജിഷ് കുമാര്‍, എന്‍. രതീഷ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക