പേരാമ്പ്ര കോൺഗ്രസിൽ കലാപം, കൂട്ട രാജി


പേരാമ്പ്ര: ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെയും പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിന്റെയും നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവച്ചതായി പ്രസിഡണ്ട് ബാബു തത്തക്കാടനും ഡിസിസി അംഗം വാസു വേങ്ങേരിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 23 അംഗ മണ്ഡലം കമ്മിറ്റിയിൽ 19 പേരും 19 വാർഡ് പ്രസിഡണ്ടുമാരിൽ 17 പേരും 20 ബൂത്ത് പ്രസിഡണ്ടുമാരുമാണ് രാജിവച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര പഞ്ചായത്തിൽ കോൺഗ്രസിനും യുഡിഎഫിനുമുണ്ടായ കനത്ത പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഡിസിസി പ്രസിഡണ്ട്‌ യു രാജീവനും പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട്‌ രാജൻ മരുതേരിക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാഗേഷിനുമാണെന്ന് ഇവർ ആരോപിച്ചു. അതത് വാർഡിലുള്ളവരെയാണ് സ്ഥാനാർഥികളാക്കേണ്ടതെന്ന കെപിസിസി തീരുമാനത്തിന് വിരുദ്ധമായാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്.

വാർഡ്, മണ്ഡലം കമ്മിറ്റികൾ ഏകകണ്ഠമായി അംഗീകരിച്ച സ്ഥാനാർഥികളെ തഴഞ്ഞ് പലരെയും മുകളിൽനിന്ന് കെട്ടി ഇറക്കുകയായിരുന്നു. തെറ്റായ തീരുമാനമെടുത്ത ജില്ലാ, ബ്ലോക്ക് നേതൃത്വത്തിന്റെ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി പരാതിയുമായി ഡിസിസി ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിടുകയാണ് ഡിസിസി പ്രസിഡണ്ട്‌ ചെയ്തത്. ഇതിനെതിരെ കെപിസിസി ഉപസമിതിയിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കെപിസിസിയിലും ഡിസിസിയിലും സ്വാധീനമുള്ളവരാണ് സ്ഥാനാർഥികളായത്. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള അഞ്ച്‌ പഞ്ചായത്തുകളിലുമുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്‌ക്കേണ്ടിയിരുന്ന ബ്ലോക്ക് പ്രസിഡണ്ട്‌ ആ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കയാണ്.

തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത മണ്ഡലം കമ്മിറ്റി പ്രസിഡണ്ടുമാരെ പുകച്ച് പുറത്ത് ചാടിക്കുന്നതാണ് ഇവരുടെ രീതി. ചുരുങ്ങിയ കാലത്തിനുള്ളിൽ പി ടി ഇബ്രാഹിം, വാസു വേങ്ങേരി എന്നിവരെ ഇങ്ങനെയാണ് ഇറക്കിവിട്ടത്. സമാന മനസ്‌കരുമായി ചേർന്ന് അനന്തര നടപടി പ്രഖ്യാപിക്കുമെന്ന് ഇരുവരും പറഞ്ഞു. മണ്ഡലം കമ്മിറ്റിയിൽ നിന്ന്‌ രാജിവച്ച 19ൽ 17 പേരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രണ്ടുപേർ സ്ഥലത്തില്ലാത്തതിനാലാണ് പങ്കെടുക്കാതിരുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക