ബാഫഖി തങ്ങൾ അവാർഡ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സമ്മാനിച്ചു


കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ വേണ്ടവിധം ഓർമിയ്ക്കപ്പെട്ടിട്ടുണ്ടോ എന്ന് ആലോചിക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ടെന്ന് പി.വി.അബ്ദുൾ വഹാബ് എം.പി പറഞ്ഞു. ബാഫഖി തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകരം വെക്കാനില്ലാത്ത നേതാവാണ് ബാഫഖി തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയും മുസ്ലിം ലീമുണ്ടായിട്ടും 48 വർഷമായി ബാഫഖി തങ്ങളുടെ പേരിൽ ഒന്നുമില്ലെന്ന് മകൻ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഇരുവരും ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ബാഫഖി തങ്ങൾ അവാർഡ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ സമ്മാനിച്ചു. മതപണ്ഡിതരുടെ ഉപദേശം സ്വീകരിച്ച് മുന്നോട്ട് പോയ രാഷ്ട്രീയ നേതാവായിരുന്നു ബാഫഖി തങ്ങളെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് ഉമ്മർപാണ്ടികശാല, എൻ.പി.അബ്ദുൽ ഹമീദ്, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഹസ്സൻ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ധീൻ തങ്ങൾ, നവാസ് പൂനൂർ, പി.കെ.മാനു, പി.മാമുക്കോയ, പി.പി.ഫിറോസ് എന്നിവർ സംബന്ധിച്ചു.