ബാര്‍ബര്‍ ബാലന്‍ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവില്‍ സ്‌റ്റൈലോ ഹെയര്‍ കട്ടിംഗ് സലൂണ്‍ എന്ന സ്ഥാപനം നടത്തിയ ബാലന്‍ കുന്നുമ്മല്‍ അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. ശാന്തയാണ് ഭാര്യ. പരേതനായ തെരുവത്ത് കുന്നുമ്മല്‍ ദാമോദരന്‍ സഹോദരനാണ്. ശ്രീനിവാസന്‍ – എം മോഹനൻ ടീമിന്റെ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രം യെഥാര്‍ത്ഥത്തില്‍ പൊയില്‍ക്കാവിലെ ഈ കുന്നുമ്മല്‍ ബാലനാണ് എന്ന് കൊയിലാണ്ടിയില്‍ ഒരു കഥ പ്രചരിച്ചിരുന്നു. പൊയില്‍ക്കാവ് കാരന്‍ തന്നെയായ സാഹിത്യകാരന്‍ സത്യചന്ദ്രന്‍ പൊയില്‍ക്കാവാണ് ഈ കഥയ്ക്ക് പിന്നില്‍.

സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ബാലനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥ എഴുതിയിരുന്നു. പൊയില്‍ക്കാവും സമീപ പ്രദേശമായ മേലൂരും അവിടെ ബാര്‍ബര്‍ഷാപ്പ് നടത്തിയിരുന്ന ബാലനും പ്രകാശനും മറ്റ് പ്രദേശവാസികളും ഇതില്‍ കഥാപാത്രങ്ങളായിരുന്നു. പിന്നീട് ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടി താരരാജാവായും ശ്രീനിവാസന്‍ ബാര്‍ബറായും കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഥ പറയുമ്പോള്‍ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ വിവാദവും ഉടലെടുത്തു. കഥയിലെ സാദൃശ്യം ചൂണ്ടി കാണിച്ച് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് നല്‍കിയ പരാതിയിന്‍മേല്‍ കൊയിലാണ്ടി കോടതിയില്‍ കേസ് നടക്കുകയാണ്.

കഥയിലെ പശ്ചാത്തലവും കഥാപാത്രങ്ങളും കഥ നടക്കുന്ന സ്ഥലം പോലും പൊയില്‍ക്കാവും സമീപത്തുമുള്ളതായിരുന്നു. പൊയില്‍ക്കാവിലെ മേലൂര്‍ ഗ്രാമം സിനിമയില്‍ മേലൂക്കാവായി. കഥാപാത്രങ്ങളായി വന്ന ബാര്‍ബര്‍ ബാലനും, ബാര്‍ബര്‍ പ്രകാശനും പൊയില്‍ക്കാവിലെ ബാര്‍ബര്‍ഷാപ്പ് നടത്തിപ്പുകാരായിരുന്നു. സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കഥയിലെ ബാര്‍ബര്‍ ബാലനായ കുന്നുമ്മല്‍ ബാലനാണ് ഇന്നലെ അന്തരിച്ചത്. വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. പക്ഷേ, ബാര്‍ബര്‍ ബാലന്‍ യാത്രയായി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക