ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ ഉയർത്തിയതിൽ ഡിവൈഎഫ്ഐ പ്രതിഷേധം


പാലക്കാട് :ബിജെപി പ്രവർത്തകർ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ‘ജയ് ശ്രീറാം’ ഫ്ലക്‌സ് ഉയർത്തിയതിൽ വിവാദം ചൂടുപിടിക്കവെ നഗരസഭയ‌്ക്കു മുകളിൽ ദേശീയപതാക ഉയർത്തി ഡിവൈഎഫ്ഐയുടെ പ്രതിഷേധം.ബിജെപി പ്രവർത്തകർ ഫ്ളക്‌സ് തൂക്കിയ അതേസ്ഥലത്തു തന്നെയാണ് ഡിവൈഎഫ്ഐ പതാക ഉയർത്തിയിരിക്കുന്നത്

ഫ്ലക്‌സ് വിവാദത്തിൽ, ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു.നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.കോൺഗ്രസ് ആണ് ആദ്യം പരാതി നൽകിയത്. മത സ്‌പർദ്ധ വളർത്താനുള്ള ബിജെപിയുടെ നീക്കമാണെന്ന് കാണിച്ച് സിപിഎമ്മും പരാതി നൽകി.തുടർന്നാണ് ഭരണഘടനാ സ്ഥാപത്തിന് മുകളിൽ മത ചിഹ്നങ്ങൾ ഉൾപ്പെടുന്ന ഫ്ളക്‌സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കസ്‌റ്റോഡിയൻ കൂടിയായ സെക്രട്ടറിയാണ് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകിയത്.

വോട്ടെണ്ണൽ ദിനമായ ബുധനാഴ്‌ചയായിരുന്നു സംഭവം.സ്ഥാനാർഥികൾക്കും കൗണ്ടിംഗ് ഏജന്റുമാർക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിംഗ് സെന്ററുൾപ്പെടുന്ന കെട്ടിടത്തിലാണ് ഫ്ളക്‌സുമായി ബിജെപി പ്രവർത്തകരെത്തിയത്.രണ്ട് ഫ്ളക്‌സുകളിലൊന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ്‌ശ്രീറാം എന്നെഴുതിയ ഫ്ളക്‌സാണ് തൂക്കിയത്.