ബ്രിട്ടനിലെ കൊവിഡ് ഇന്ത്യയിലും, ആറ് പേര്‍ക്ക് രോഗബാധയെന്ന് ആരോഗ്യമന്ത്രാലയം കേരളത്തിലും ജാഗ്രത


ന്യൂഡല്‍ഹി: ബ്രിട്ടനിലെ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ആറ് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗംസ്ഥിരീകരിച്ചവര്‍ ബ്രിട്ടനില്‍ നിന്ന് എത്തിയവരാണ്. പൂനെ വൈറോളജി ഇന്‍സിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ഇന്ത്യയിലെത്തിയതായി കണ്ടെത്തിയത്.

ബംഗ്ലൂരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുളള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സിസിഎം ബിയില്‍ ചികിത്സയിലുളള രണ്ടുപേര്‍ക്കും, പൂനെ എന്‍.ഐ.വി യില്‍ ചികിത്സയിലുളള ഒരാള്‍ക്കുമാണ് പുതിയ വേരിയന്റ് കൊവിഡ് ബാധിച്ചത്. യുകെയില്‍ നിന്ന് മടങ്ങിയ നിരവധി വിമാനയാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും ബാധിച്ചോ എന്നും പരിശോധിക്കുന്നുണ്ട്. രാജ്യത്ത് ആകെ 200 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുളള പരിശീലനം പൂര്‍ത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ജനിതക മാറ്റം വന്ന കൊവിഡ് ആണോ എന്ന് പരിശോധിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക