മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം; രാഷ്ട്രീയ കൊലപാതകമല്ല, കുടുംബ വഴക്കെന്ന് പോലീസ്


മലപ്പുറം: മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചത് രാഷ്ട്രീയ സംഘര്‍ഷത്തേത്തുടര്‍ന്നല്ലെന്ന് പൊലീസ്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ സമീറിന് കുത്തേല്‍ക്കുകയായിരുന്നെന്ന് പാണ്ടിക്കാട് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച രാത്രിയില്‍ ഒറവുംപുറം അങ്ങാടിയില്‍ വച്ചാണ് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റതെന്നും പൊലീസ് പ്രതികരിച്ചു.

ഇരുപത്താറു വയസ്സുകാരനായ പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ ആണ് ബുധനാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചത്. കൊലയ്ക്ക് പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില്‍ വെച്ചാണ് സംഭവം. അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് പ്രദേശത്ത് സിപിഐഎം-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നും യുഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ സംഘര്‍ഷമുണ്ടായിട്ടില്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്നാണ് ആക്രമണമെന്നുമാണ് സിപിഐഎമ്മിന്റെ വിശദീകരണം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക