മീറോട് മലയിലെ ചെങ്കൽ ഖനനാനുമതി റദ്ദാക്കണം


കീഴരിയൂർ: വൻതോതിൽ ചെങ്കൽ ഖനനം നടക്കുന്ന കീഴരിയൂർ മീറോട് മലയിലെ ഖനനാനുമതി റദ്ദാക്കണമെന്ന് തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും, ജനജീവിതത്തിനും കടുത്ത ഭീഷണിയാണ് മീറോട് മലയിലെ ചെങ്കൽ ഖനനം. ജില്ലകളക്ടർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശപ്രകാരം കീഴരിയൂർ പഞ്ചായത്ത് തയ്യാറാക്കിയ ദുരന്ത സാധ്യതാ മാപ്പിങ്ങിൽ, ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയ ഭാഗത്താണ് ചെങ്കൽ ഖനനം നടക്കുന്നത്. പ്രദേശത്തിന്റെ ചരിവോ സ്വാഭാവിക നീരുറവാ സഞ്ചാരമോ പരിഗണിക്കാതെയാണ് ഇവിടെ ഖനനാനുമതി നല്കപ്പെട്ടത്. ഏക്കർ കണക്കിന് സ്ഥലത്ത് രൂപപ്പെട്ട വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായാൽ കവളപ്പാറയിലേതിന് സമാനമായ ദുരന്തം ഇവിടെയും ആവർത്തിക്കും.

മീറോട് മലയുടെ താഴ്ഭാഗങ്ങളിൽ നൂറുകണക്കിന് ജനങ്ങളാണ് വസിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പ്രദേശം സന്ദർശിക്കാൻ തയ്യാറാവണം. മിച്ചഭൂമി സമരത്തിന്റെ ചരിത്ര പശ്ചാത്തലവും നിരവധി ഏക്കർ റവന്യു ഭൂമിയുമുള്ള മീറോട് മലയോരം എങ്ങനെ ഖനന മാഫിയയുടെ കയ്യിൽ അകപ്പെട്ടുവെന്നതും അന്വേഷിക്കണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സമിതി പ്രവർത്തകർ കളക്ടർക്കും, കീഴരിയൂർ പഞ്ചായത്ത് അധികൃതർക്കും നിവേദനം നല്കിയിട്ടുണ്ട്. തുമ്പ പ്രവർത്തകരായ സായ് പ്രകാശ്. എൻ.കെ, കെ.മുരളീധരൻ, യു.ശ്രീനിവാസൻ ,ബേബി കമ്പനി ,കെ.എം.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക