രക്ഷാപ്രവര്‍ത്തകനെ കൈവിടാതെ രണ്ട് വയസ്സുകാരന്‍


കൊയിലാണ്ടി: അപകടത്തില്‍പ്പെട്ട രണ്ട് വയസുകാരന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാവിന്റെ കൈവിടാതെ നിന്നത് എല്ലാവര്‍ക്കും കൗതുകമായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് രക്ഷാ പ്രവര്‍ത്തകനായ കോതമംഗലം വരണ്ടയില്‍ കിരണ്‍ ലാല്‍ (22) നെ അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്ന രണ്ട് വയസുകാരന്‍ കൈവിടാതെ നിന്നത്.

ചൊവാഴ്ച രാവിലെ 11 മണിയോടെയാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കൊയിലാണ്ടിയില്‍ അപകടത്തില്‍ പെട്ടത്. 3 സ്ത്രീകളും 4 കുട്ടികളും ഡ്രൈവറുമള്‍പ്പെടെ എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. കൊയിലാണ്ടി കോമത്ത് കരയില്‍ നിയന്ത്രണം വിട്ട് കാര്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. കൊല്ലം പാറപ്പള്ളിയില്‍ സന്ദര്‍ശനം കഴിഞ്ഞ് നരിക്കുനിയിലെക്ക് പോകവെയാണ് അപകടം നടന്നത്.

അപകടത്തിന്റെ ഭീകരമായ ഒച്ചയും സ്ത്രീകളുടെ നിലവിളിയും കേട്ട് ഉടനെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കാറിന്റെ ചില്ല് തകര്‍ത്താണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്ത് . സമീപത്ത് പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്ന കിരണ്‍ ലാലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ശേഷം കാറിലുണ്ടായിരുന്ന രണ്ട് വയസ്സായ കുട്ടിയാണ് എല്ലാവരിലും കൗതുകമുണ്ടാക്കിയത്. രക്ഷകനായ കിരണ്‍ലാലിനെ കൈവിടാന്‍ രണ്ട് വയസുകാരനായ കുട്ടി ഒരുക്കമല്ലായിരുന്നു. പരിക്ക് പറ്റിയ എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കേളെജിലേക്ക് കൊണ്ടുപോയെങ്കിലും ആരുടെയും കൂടെ പോകാതെ രണ്ടുവയസ്സുകാരന്‍ കിരണിനെപ്പം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ സി എച്ച് വളണ്ടിയര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ കോളെജില്‍ എത്തി കുട്ടിയെ ഉമ്മയ്ക്ക് കൈമാറുകയായിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക