സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു; 17ന് ഉന്നതതല യോഗം


ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന. ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തല യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്‌കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നു.

പൊതുപരീക്ഷ നടക്കുന്ന ക്ലാസുകള്‍ എന്ന നിലയിലാണ് 10, 12 ക്ലാസുകളെ പരിഗണിച്ചിരിക്കുന്നത്. ജനുവരിയോടെ പത്താം ക്ലാസിന്റെയും 12ാം ക്ലാസിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിരുന്നു.
എല്ലാ ക്ലാസുകളും തുറക്കുമോ അതോ 10, പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ ക്ലാസ് ആണോ ആദ്യം തുടങ്ങുക എന്ന കാര്യം വ്യക്തമായിട്ടില്ല.

അതേസമയം താഴെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താഴെയുള്ള ക്ലാസുകള്‍ കൂടി തുടങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതേസമയം അക്കാദമിക് വര്‍ഷം ക്ലാസുകള്‍ പൂര്‍ണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.