സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു; എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ ഇന്ന് ഭാഗികമായി തുറന്നു. മറ്റ് ക്ളാസുകളിലെ കുട്ടികൾക്ക് വീടുകളിലിരുന്ന് ഓൺലൈനിൽ പഠനം തുടരാം.

പത്ത്, പ്ലസ് ടു ക്ലാസുകളിലുളള ഏഴ് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കായി രണ്ട് ഷിഫ്റ്റായാണ് ക്ലാസ്. ഓൺലൈനിൽ പഠിപ്പിച്ച കാര്യങ്ങളുടെ സംശയനിവാരണവും റിവിഷനുമാണ് പ്രധാനമായും നടക്കുക. പരീക്ഷയ്‌ക്ക് ചോദിക്കാൻ സാദ്ധ്യതയുള്ള വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയായിരിക്കും ക്ലാസുകൾ. പ്രാധാന്യം നൽകേണ്ട വിഷയങ്ങൾ എസ് സി ഇ ആർ ടി ഇന്നലെ വെളിപ്പെടുത്തി.

മാതാപിതാക്കളുടെ സമ്മതപത്രവുമായാണ് കുട്ടികൾ സ്‌കൂളുകളിലേക്ക് എത്തിയത്. ഹാജർ നിർബന്ധമല്ല. എല്ലാ അദ്ധ്യാപകരും സ്‌കൂളിലെത്തണം. ഒരേസമയം 50 ശതമാനം കുട്ടികളെ വച്ചാണ് ക്ലാസ്. ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം. ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ കൂടി പഠനത്തിനുപയോഗിക്കും. ഒരാഴ്‌ചയ്‌ക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാറ്റം വരുത്തും.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനായി പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ കൊവിഡ് സെല്ലുകൾ രൂപീകരിച്ചു. സർക്കാരിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് സി ബി എസ് ഇ മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക