ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ബജറ്റ് അവതരണം ഇന്ന് 9 മണിക്ക്


തിരുവനന്തപുരം: അടുത്ത് സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്നു രാവിലെ 9ന് ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര തന്നെ പ്രതീക്ഷിക്കുന്ന ബജറ്റില്‍ നിരവധി ഇളവുകള്‍ നല്‍കുമെന്നാണ് വിവരം. സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങളും ബജറ്റിലുണ്ടാവും.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്നും ദാരിദ്രത്തില്‍ നിന്ന കരകയറാനുള്ള പദ്ധതി ബജറ്റിലുണ്ടാവുമെന്നും ധനമന്ത്രി സൂചിപ്പിച്ചു. റബറിന്റെയും തേങ്ങയുടെയും നെല്ലിന്റെയും സംഭരണ വില വര്‍ധന, കുട്ടികള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്, കൃഷി മേഖലയ്ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രവാസികള്‍ക്കും പാക്കേജുകള്‍ തുടങ്ങിയവയാണു ബജറ്റിലെ മുഖ്യ പ്രതീക്ഷകള്‍. നികുതി വര്‍ധനകളില്ല. മോട്ടര്‍ വാഹന നികുതി പുനഃക്രമീകരിക്കും. ബാറുകളുടെ വിറ്റുവരവ് നികുതി 10ല്‍ നിന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ നിരക്കായ 5 ശതമാനത്തിലേക്കു താഴ്ത്തിയേക്കും.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കേന്ദ്രനികുതി വിഹിതത്തില്‍ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. വനിതകളുടെ ക്ഷേമത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകും. ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ കൂടി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ചും ബജറ്റില്‍ വിവരിച്ചേക്കും. സാമ്പത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുക. ധനമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് അവതരിപ്പിക്കാന്‍ പോകുന്ന 12-ാം ബജറ്റായിരിക്കും. ഒരു വര്‍ഷം കൊണ്ടു നടപ്പാക്കേണ്ട പദ്ധതികളാണ് പ്രഖ്യാപിക്കുകയെങ്കിലും സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനാല്‍ 4 മാസത്തെ ചെലവുകള്‍ക്കാവശ്യമായ വോട്ട് ഓണ്‍ അക്കൗണ്ടേ പാസാക്കൂ.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക