സമൂഹ മാധ്യമത്തിലൂടെ പരിചയം,പ്രണയം,ഒളിച്ചോട്ടം; പ്രായപൂര്‍ത്തിയാകാത്ത കൊയിലാണ്ടി സ്വദേശിനിയെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയില്‍ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്ത് ഒളിച്ചോടിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സ്വദേശിനിയായ കുട്ടിയെ പ്രണയിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി രവിന്‍ ജിത്ത് ആണ്‌ അറസ്റ്റിലായത്. 21 വയസ്സാണ് യുവാവിന്.

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലായ പെണ്‍കുട്ടിയും യുവാവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചതോടെ ഒളിച്ചോടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അച്ഛനൊപ്പം എത്തിയ പെണ്‍കുട്ടിയെ അവിടെ വെച്ച് കാണാതായി. കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവുമായി കുട്ടിക്കുള്ള ബന്ധത്തെക്കുറിച്ചും പോലീസില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി മണ്ണാര്‍ക്കാട് യുവാവിന്റെ വീട്ടിലുണ്ട് എന്നറിഞ്ഞു. തുടര്‍ന്ന് ഇരുവരേയും കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകാന്‍ കുറച്ച് ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളു. അതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയില്‍ യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തുകയാണ് ചെയ്തത്. കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.