സാന്ത്വന സ്പർശം അദാലത്തിന് കൊയിലാണ്ടിയിൽ തുടക്കമായി


കൊയിലാണ്ടി: സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. കാലത്ത് ഒമ്പത് മണിക്ക് കൊയിലാണ്ടി ടൗണ്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അദാലത്ത് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ സാബശിവറാവു സ്വാഗതം പറഞ്ഞു. എം.എൽ.എ മാരായ കെ.ദാസൻ, പുരുഷൻ കടലുണ്ടി, നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ബാബുരാജ്, കെ.പി.ഗോപാലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ഓൺലൈനായി നൽകിയതിന് പുറമെ അപേക്ഷകള്‍ അദാലത്ത് വേദിയിലും സ്വീകരിക്കുന്നുണ്ട്. നേരത്തെ നല്‍കിയിട്ടും തീര്‍പ്പാകാത്ത പുതിയ പരാതികളും പരിഗണിക്കും. പരാതികള്‍ പരിശോധിക്കുന്നതിന് ഓരോ കേന്ദ്രത്തിലും അഞ്ചംഗം ഉദ്യോഗസ്ഥ സംഘമുണ്ട്. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് സംഘം. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് അദാലത്തില്‍ നിന്ന് മറുപടി നല്‍കും.

അദാലത്തിലെത്തുന്നവര്‍ക്ക് സാമൂഹ്യ അകലം പാലിക്കാനും കോവിഡ് ചട്ടം പാലിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുകള്‍ക്കനുസരിച്ച് അഞ്ച് കൗണ്ടറുകള്‍ ഒരുക്കും. രാവിലെ ഒമ്പത് മുതൽ അദാലത്ത് കൗണ്ടറുകളില്‍ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുന്നുണ്ട്. ടോക്കണ്‍ അനുസരിച്ചാണ് പ്രവേശനം.

ഉദ്യോഗസ്ഥ സംഘവുമായി സംസാരിച്ചിട്ടും മതിയായ മറുപടി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുമായി സംസാരിക്കാന്‍ അവസരമൊരുക്കും. അംഗപരിമിതര്‍, അസൂഖ ബാധിതര്‍ എന്നിവര്‍ക്കായി വേദിയുടെ താഴെ പരാതി നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

താപനില പരിശോധനയും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. വെള്ളം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവ അദാലത്ത് വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട്. അവസാന അപേക്ഷയും പരിഗണിച്ച ശേഷം മാത്രമാണ് അദാലത്ത് അവസാനിപ്പിക്കുകയുള്ളൂ.